കോവിഡ് -19 ഭീഷണിയെത്തുടർന്ന് ഭാരതം മുഴുവൻ ലോക്ക് ഡൗൺ ആയി പ്രഖ്യാപിക്കപ്പെട്ട പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ആരോഗ്യ രംഗത്തിന് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് ഏരീസ് ഗ്രൂപ്പ്‌. പ്രതിസന്ധി ഘട്ടങ്ങളിൽ പൊതുവായി ചെയ്യാറുള്ള സാമൂഹ്യ ക്ഷേമപദ്ധതി എന്നതിനപ്പുറം ഇപ്പോഴത്തെ അടിയന്തിര സാഹചര്യത്തിൽ ആരോഗ്യ മേഖലയ്‌ക്ക് കരുത്ത് പകരാനുള്ള പദ്ധതിയുമായാണ് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സിഇഒ ഡോക്ടർ സോഹൻ റോയ് രംഗത്ത് വന്നിരിക്കുന്നത്.

ലോക്ക് ഡൗണിൽ പെട്ട് പോയവർക്ക് ഭക്ഷണം വിതരണം ചെയ്യുക എന്നത് പോലെ ഗുരുതരാവസ്ഥയിൽ കിടക്കുന്ന രോഗികൾക്ക് വെന്റിലേറ്ററുകൾ ലഭിക്കുകയെന്നതും ആവശ്യമുള്ളതാണെന്ന് സോഹന്‍ റോയ് പറഞ്ഞു. കേരളത്തിലെ പത്ത് ജില്ലകളില്‍ വെന്‍റിലേറ്റര്‍ ലഭ്യമാക്കാനാണ് തീരുമാനം. ഇതോടൊപ്പം, രണ്ടായിരം പാവപ്പെട്ട കുടുംബങ്ങളുടെ സംരക്ഷണം ലോക്ക് ഡൗൺ കാലത്ത് ഏറ്റെടുക്കാൻ സ്ഥാപനത്തിലെ ജീവനക്കാരോടും ശ്രീ സോഹൻ റോയ് ആവശ്യപ്പെട്ടു.

ദിവസവേതനം കൊണ്ട് ജീവിതം തള്ളി നീക്കുന്ന തൊഴിലാളികൾക്ക് ഈ സമ്പൂർണ്ണ ലോക്ക് ഡൗൺ വരുത്തിവയ്ക്കുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ഇത്തരമൊരു പദ്ധതി. നേരത്തെ കേരളത്തിൽ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ നടത്തിയ രക്ഷാപ്രവർത്തങ്ങളിലും പുനരധിവാസപദ്ധതികളിലും ഏരീസ് ടീം നടത്തിയ പ്രവർത്തനങ്ങൾ പ്രശംസ പിടിച്ചു പറ്റിയിരുന്നു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ഏകദേശം അൻപതോളം വീടുകളും ഏരീസ് ഗ്രൂപ്പ്‌ നിർമ്മിച്ചു നൽകിയിട്ടുണ്ട്.