Asianet News MalayalamAsianet News Malayalam

എനിക്കെതിരെയുള്ള ആരോപണങ്ങളിൽ സിപിഎമ്മിനെ വലിച്ചിടേണ്ട: ഫേസ്ബുക്ക് പോസ്റ്റുമായി ഒളിവിൽ പോയ അർജുൻ ആയങ്കി

മാധ്യമങ്ങൾ പടച്ചുവിടുന്ന അർദ്ധസത്യങ്ങൾ വളരെ രസകരമായി വീക്ഷിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി നിരപരാധിത്വം തെളിയിക്കുന്നത് വരെ ക്ഷമിക്കുക. 

arjun ayangi facebook post
Author
Kannur, First Published Jun 25, 2021, 12:05 AM IST
  • Facebook
  • Twitter
  • Whatsapp

കണ്ണൂർ: രാമനാട്ടുകര അപകടക്കേസിൽ അന്വേഷണം തുടരുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി സ്വർണക്കടത്ത് - ക്വട്ടേഷൻ സംഘത്തലവൻ അർജുൻ ആയങ്കി. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി സത്യം തെളിയിക്കുമെന്ന് അർജുൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

ഡിവൈഎഫ്ഐയുടെ മെമ്പർഷിപ്പിൽ നിന്നും പുറത്തുവന്ന ആളാണ് താനെന്നും തനിക്കെതിരായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത പാർട്ടിക്കില്ലെന്നും അർജുൻ പറയുന്നു. ഇഷ്ടപ്പെടുന്ന പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുന്നതാണെന്നും അർജുൻ്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.  രാമനാട്ടുകര അപകടത്തിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലായിരുന്നു അർജ്ജുൻ. 

അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ് - 

മൂന്ന് കൊല്ലത്തിലധികമായി സിപിഎമ്മിന്റെയോ ഡിവൈഎഫ്‌ഐയുടെയോ മെമ്പർഷിപ്പിലോ പ്രവർത്തന മേഖലയിലോ ഇല്ലാത്തയാളാണ്‌ ഞാൻ 
യാതൊരുവിധ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാതെ ഇഷ്ട്ടപ്പെടുന്ന പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുന്നു എന്നതുകൊണ്ട് എനിക്കെതിരെയുള്ള ഏതെങ്കിലും ആരോപണങ്ങൾക്ക് മറുപടി പറയാൻ ആ പാർട്ടി ബാധ്യസ്ഥരല്ല. എന്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ എന്റെ വ്യക്തിപരമായ ഇഷ്ട്ടമാണ്.

മാധ്യമങ്ങൾ പടച്ചുവിടുന്ന അർദ്ധസത്യങ്ങൾ വളരെ രസകരമായി വീക്ഷിക്കുകയായിരുന്നു. 
അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി നിരപരാധിത്വം തെളിയിക്കുന്നത് വരെ ക്ഷമിക്കുക. 
കൂടുതൽ കാര്യങ്ങൾ വഴിയേ പറയാം 👍

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ  ക്വട്ടേഷൻ സംഘത്തലവനായ അർജ്ജുൻ ആയങ്കിയുടെ കാർ സംഘാംഗങ്ങൾ ഇന്ന് കടത്തിക്കൊണ്ടുപോയിരുന്നു. അഴീക്കോട് കപ്പൽ പൊളി ശാലയ്ക്കടുത്ത് ഒളിപ്പിച്ച നിലയിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം കണ്ടെത്തിയ സ്വിഫ്റ്റ് കാർ പൊലീസും കസ്റ്റംസും എത്തും മുൻപേയാണ് അ‍ർജുന്റെ കൂട്ടാളികൾ കൊണ്ടുപോയത്. കള്ളക്കടത്ത് സംഘങ്ങൾ സിപിഎമ്മിനെ മറയാക്കി പ്രവർത്തിക്കുന്നു എന്ന ആരോപണം ഉയർന്നതോടെ ആകാശ് തില്ലങ്കേരിയേയും അർജ്ജുൻ ആയങ്കിയേയും തള്ളി പാർട്ടി രംഗത്തെത്തിയിരുന്നു.

സ്വർണക്കടത്ത് ക്വട്ടേഷൻ സംഘാംഗങ്ങളായ ആകാശ് തില്ലങ്കേരിയുമായോ അർജുൻ ആയങ്കിയുമായോ സിപിഎമ്മിന് ബന്ധമില്ലെന്ന്  ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഇന്നലെ വ്യക്തമാക്കി. പൊലീസ് തിരയുന്ന അർജുൻ സൈബറിടങ്ങളിൽ സിപിഎമ്മിനായി പ്രചാരണം നടത്തുന്നത് പാർട്ടിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ്. ഇവരെ സമൂഹം തള്ളിക്കളയണമെന്നും ജയരാജൻ പറഞ്ഞു.

കൊടുവള്ളി സംഘത്തിന് വേണ്ടി ദുബായിയിൽ നിന്നും കൊണ്ടുവരുന്ന സ്വർണ്ണം തട്ടിയെടുക്കാനായി അർജ്ജുൻ ആയങ്കിയും കൂട്ടാളികളും കരിപ്പൂരിലെത്തിയത് സ്വിഫ്റ്റ് കാറിലായിരുന്നു. സ്വർണ്ണം കൊണ്ടുവന്ന ഷഫീഖിനെ കസ്റ്റംസ് പിടികൂടുകയും മറ്റൊരു സംഘത്തിലെ അഞ്ചുപേർ അപകടത്തിൽ മരിക്കുകയം ചെയ്തതോടെ മടങ്ങിയ അർജ്ജുൻ  കാർ  ഒളിപ്പിച്ചു. അഴീക്കോട് കപ്പൽ പൊളിക്കൽ ശാലയ്ക്കടുത്തുള്ള ഈ ആളൊഴിഞ്ഞ പറമ്പിൽ കാറുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘം സ്ഥലത്തെത്തി ദൃശ്യങ്ങൾ പകർത്തി. വളപട്ടണം പൊലീസും കസ്റ്റംസും ഇങ്ങോട്ടേക്ക് കുതിച്ചെത്തിയെങ്കിലും അപ്പോഴേക്കും കാറുമെടുത്ത് അർജ്ജുന്റെ കൂട്ടാളികൾ കടന്നു.

കണ്ണൂരിലെ അർജുൻ്റെ വീട്ടിൽ ഇന്നലെ കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം തെരച്ചിൽ നടത്തിയിരുന്നു. അർജ്ജുൻ ആയങ്കിയെ തേടിയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥർ അഴീക്കോട്ടെ വീട്ടിലെത്തിയത്. കൊടുവള്ളി സംഘത്തിന് വേണ്ടി ദുബായിയിൽ നിന്നും സ്വർണ്ണം എത്തുന്ന കാര്യം കൊണ്ടുവരുന്ന ആൾ തന്നെ അർജ്ജുന് ചോർത്തി നൽകിയിരുന്നു എന്നാണ് കസ്റ്റംസിന്റെ നിഗമനം. അർജുന്റെ ചുവപ്പ് ഡിസയർ കാർ നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയ കാര്യവും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios