എടിഎമ്മില്‍ പണം നിറയ്ക്കുന്ന സെക്യൂരിറ്റി ജീവനക്കാരാണ് ഇവര്‍. ഇവരില്‍ നിന്ന് ഇരട്ടക്കുഴല്‍ തോക്കുകളും  25 റൗണ്ട് ബുള്ളറ്റുകളും പിടിച്ചെടുത്തു.

തിരുവനന്തപുരം: വ്യാജലൈസന്‍സുള്ള തോക്കുകളുമായി അഞ്ച് ജമ്മുകശ്മീര്‍ സ്വദേശികളെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. എടിഎമ്മിലേക്ക് പണം കൊണ്ടുപോകുന്ന വാഹനത്തിന് അകമ്പടി പോകുന്ന രജൗരി ജില്ലയില്‍ നിന്നുള്ള ഷൗക്കത്തലി, ഷുക്കൂര്‍ അഹമ്മദ്, ഗുല്‍സല്‍മാന്‍, മുഷ്താഖ് ഹുസൈന്‍, മുഹമ്മദ് ജാവേദ് എന്നിവരാണ് അറസ്റ്റിലായത്. എല്ലാവര്‍ക്കും 20 നും 25 നും ഇടയിലാണ് പ്രായം. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും. 

ഈ മാസം 13 നാണ് കരമന പൊലീസ് എടിഎമ്മിലേക്ക് പണം കൊണ്ടുപോകുന്ന സിസ്കോ ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിലെ അഞ്ച് ജീവനക്കാരെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. ഇവരുടെ കയ്യിലുള്ള അഞ്ച് ഡബിള്‍ ബാരല്‍ തോക്കുകള്‍ക്ക് ലൈസന്‍സുണ്ടോ എന്നറിയാന്‍ രജൗരി ജില്ലയിലെ എഡിഎമ്മുമായി ബന്ധപ്പെട്ടു. അഞ്ച് തോക്കുകളും 25 വെടിയുണ്ടകളുമായി ആറുമാസത്തിലേറെയായി ഇവര്‍ തിരുവനന്തപുരത്ത് താമസിച്ചത് വ്യാജ ലൈസന്‍സുമായാണെന്ന് സ്ഥിരീകരണം കിട്ടി. 

ഇതോടെ നിറമണ്‍ കരയിലെ താമസസ്ഥലത്ത് വെച്ച് അഞ്ചുപേരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കരമന പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളും ഇവരെ ചോദ്യം ചെയ്തു. വിമാനത്താവളം, പത്മനാഭ സ്വാമി ക്ഷേത്രം, പാങ്ങോട് മിലിട്ടറി ക്യാമ്പ്, ഐഎസ്ആര്‍ഒ തുടങ്ങിയ നിരവധി പ്രധാന സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്ത് കശ്മീരില്‍ നിന്നുള്ള അഞ്ചുപേര്‍ വ്യാജ തോക്കുകളുമായി എത്തിയത് ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.