കോഴിക്കോട്: സ്വാതന്ത്ര്യ ദിനത്തിൽ പ്രളയ ബാധിതർക്ക് കൈതാങ്ങായി ഇന്ത്യന്‍ സൈന്യം. ഉരുൾപൊട്ടലിൽ നാലുപേർ മരിച്ച വിലങ്ങാട്ടെ റോഡും പാലവും നിരവധി വീടുകളും തകര്‍ന്നിരുന്നു.  ഇവയെല്ലാം ഇപ്പോള്‍ സൈന്യം പുനര്‍നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്.

കനത്ത മഴയെ അവഗണിച്ചും ഇതിനുള്ള ജോലികള്‍ വിലങ്ങാട് ഗ്രാമത്തില്‍ സൈന്യം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്. കരസേനയുടെ ജോധ്പൂർ എഞ്ചിനിയറിംഗ് റെജിമെന്‍റാണ് വിലങ്ങാട് മേഖലയിലെ മണ്ണുകയറി നശിച്ച വീടുകളും പ്രളയത്തില്‍ തകര്‍ന്ന റോഡുകളും ശുചിയാക്കാനും പുനര്‍നിര്‍മ്മിക്കാനുമായി പ്രയത്നിക്കുന്നത്. മുപ്പത് പേരാണ് സംഘത്തിലുള്ളത്. 

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വിലങ്ങാട് ആനമൂല റോഡാണ് സൈന്യം പുനര്‍നിര്‍മ്മിക്കുന്നത്. വലിയ ഉരുളന്‍ കല്ലുകളും മരങ്ങളും വലിയ തോതില്‍ ചളിയും പതിച്ച് തകര്‍ന്ന പാലം സൈനികര്‍ നേരിട്ടാണ് പുനര്‍ നിര്‍മ്മിക്കുന്നത്. 

യന്ത്രസഹായത്തോടെ ചെയ്യേണ്ട ജോലികളാണിതെന്നും എന്നാല്‍ ഗ്രാമത്തിലേക്ക് വാഹനങ്ങള്‍ വരാന്‍ റോഡില്ലാത്ത കാരണം സൈനികര്‍ തന്നെ നേരിട്ട് കല്ലും മരങ്ങളും എടുത്തു മാറ്റുകയാണെന്ന് സംഘത്തിന് നേതൃത്വം നല്‍കുന്ന ക്യാപ്റ്റന്‍ ജിതേന്ദ്രഗാന്ധി പറഞ്ഞു. 

തകര്‍ന്നു പോയ പാലത്തില്‍ നിന്നും വലിയ കല്ലുകളും മരത്തടികളും സൈനികര്‍ സ്വന്തം നിലയില്‍ എടുത്തു മാറ്റുകയാണ്. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതിനാല്‍ രണ്ട് പേരെ മലയുടെ മുകളില്‍ നിരീക്ഷണത്തിനായും നിര്‍ത്തിയിട്ടുണ്ട്. 

വലിയ അപകടസാധ്യതയും അധ്വാനവും വേണ്ടി വരുന്ന ജോലിയാണ് സൈനികര്‍ ചെയ്യുന്നതെന്ന് വിലങ്ങാട് നിവാസികളും പറയുന്നു. കനത്ത മഴയ്ക്കും ഉരുള്‍പൊട്ടല്‍ ഭീഷണിക്കുമിടയില്‍ തങ്ങളുടെ ഗ്രാമത്തിലേക്കുള്ള റോഡും പാലവും വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ പ്രയത്നിക്കുന്ന സൈന്യത്തോട് എങ്ങനെ നന്ദി പറയണമെന്നറിയാതെ നില്‍ക്കുകയാണ് വിലങ്ങാട്ടുകാര്‍.