മുംബൈ: ആത്മഹത്യാപ്രേരണ കേസിൽ അർണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷയിലെ തീരുമാനം ബോംബെ ഹൈക്കോടതി നാളത്തേക്ക് മാറ്റി. മഹാരാഷ്ട്ര നിയമസഭ തുടങ്ങിയ അവകാശലംഘന നടപടിയിൽ അർണബിനെ അറസ്റ്റു ചെയ്യുന്നത് സുപ്രീംകോടതി തടഞ്ഞു. അർണബിന് നല്കിയ പുതിയ കത്ത് നീതിനിർവ്വഹണത്തെ വെല്ലുവിളിക്കുന്നതെന്ന് വിമർശിച്ച ചീഫ് ജസ്റ്റിസ്,  നിയസഭ സെക്രട്ടറിക്ക് കോടതിയലക്ഷ്യ നോട്ടീസയച്ചു.

ഇൻറീരിയർ ഡിസൈനർ അൻവയ് നായിക് ആത്മഹത്യചെയ്ത കേസിലെ റയിഗഡ് ജയിലിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് ഇപ്പോൾ അർണബ് ഗോസ്വാമിയുള്ളത്. ഇന്ന് ബോംബെ ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ മഹാരാഷ്ട്ര സർക്കാർ ദുരുദ്ദേശത്തോടെ പെരുമാറുന്നു എന്ന് അർണബിന്റെ അഭിഭാഷകൻ ഹരീഷ് സാൽവെ വാദിച്ചു. അർണബിനെതിരെ നിരവധി കേസുകൾ എടുക്കുന്നത് ഇതിൻറെ ഭാഗമാണ്. മഹാരാഷ്ട്ര നിയമസഭയിൽ സംസ്ഥാന ആഭ്യന്തരമന്ത്രി തന്നെ പോലീസിന് നിർദ്ദേശം നല്കുമെന്ന് പറഞ്ഞെന്നും സാൽവെ വാദിച്ചു.  

ടിആർപി തട്ടിപ്പ് കേസിൽ അർണബിനെതിരെ മൊഴി നല്കാൻ സമ്മർദ്ദമുണ്ടെന്ന് പരാതിക്കാരായ ഹൻസ റിസർച്ച് കോടതിയിൽ ബോധിപ്പിച്ചു. മഹാരാഷ്ട്ര സർക്കാരിൻറെ വാദം കൂടി കേൾക്കാൻ കേസ് നാളത്തേക്ക് മാറ്റി. അർണബ് ഗോസ്വാമിയുടെ പരാമർശങ്ങളുടെ പേരിൽ നേരത്തെ മഹാരാഷ്ട്ര നിയമസഭ അവകാശലംഘന നടപടി തുടങ്ങിയിരുന്നു. ഇതിനെതിരെ അർണബ് സുപ്രീംകോടതിയിൽ നല്കിയ ഹർജിയിൽ നിയമസഭാ സമിതിയുടെ മിനിറ്റ്സ് ഉൾപ്പെടുത്തിയുന്നു. രഹസ്യരേഖ പരസ്യമാക്കി എന്നാരോപിച്ച് അർണബിന് വീണ്ടും കത്ത് നല്കിയ നിയമസഭ സെക്രട്ടറിയോട് ഹാജരായി കോടതിയലക്ഷ്യത്തിന് നടപടി എടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു.