കൊച്ചി: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ അരൂരിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ ബാബു.  അരൂർ നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി നിർണ്ണയത്തിനായുള്ള പ്രാഥമിക ചർച്ചകൾ കൊച്ചിയിൽ നടന്ന ശേഷം കെ ബാബുവിനെയും സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.

അരൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ കണ്ടെത്താൻ ആലപ്പുഴ ഡി സി സി പ്രസിഡന്‍റ് എം ലിജുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡലത്തിന്‍റെ ചുമതലയുള്ള കെപിസിസി, ഡിസിസി ഭാരവാഹികളാണ് പങ്കെടുത്തത്. ഷാനിമോൾ ഉസ്മാൻ, എം ഡിലു, കെ ബാബു, എ എ ഷുക്കൂർ എന്നിവരുടെ പേരുകളാണ് പരിഗണനയിലുണ്ടായിരുന്നത്.

ഉപതെരഞ്ഞെടുപ്പിൽ അരൂർ നിയമസഭ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥി പട്ടികയിൽ തന്റെ പേര് ഉൾപ്പെട്ടതായി മാധ്യമ വാർത്തകളിൽ നിന്നാണ് അറിഞ്ഞതെന്ന് കെ ബാബു പ്രതികരിച്ചു. ഈ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തിനായി താൻ ശ്രമിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച് ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും കെ ബാബു പറഞ്ഞു. അരൂരിൽ  സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അരൂർ നിയമസഭ മണ്ഡലത്തിൽ ലീഡ് നേടാൻ കഴിഞ്ഞത് ഷാനിമോളുടെ സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ ആര് സ്ഥാനാർത്ഥിയാകുമെന്ന് കെപിസിസി പ്രഖ്യാപിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പറഞ്ഞത്.

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളില്‍ നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഇപ്പോൾ പ്രതിപക്ഷത്തുള്ള കോൺ​ഗ്രസിന് ഏറെ നിര്‍ണായകമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ അഞ്ചില്‍ നാലിടത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ അഞ്ചിടത്തും യുഡിഎഫിനായിരുന്നു മുൻതൂക്കം. ഇതില്‍ എറണാകുളം, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങൾ കോണ്‍ഗ്രസിന്റെയും മഞ്ചേശ്വരം മുസ്ലീ ലീഗിന്റെയും സിറ്റിംഗ് സീറ്റുകളാണ്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ അരൂരിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ വോട്ടു വര്‍ധനയാണ് കോൺഗ്രസിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നത്.