പ്രതിപക്ഷത്തിന് അടിക്കാൻ അങ്ങോട്ട് വടി കൊടുത്ത വിവാദം ജില്ലാ സെക്രട്ടറിയേറ്റ് ഗൗരവമായി പരിശോധിക്കണമെന്നുമാണ്  സുധാകര പക്ഷം അവശ്യപ്പെടുന്നത്. 

അരൂർ: ചേർത്തല ദേശീയപാത വിവാദത്തിൽ എ.എം ആരിഫിനെതിരെ നീക്കം ശക്തമാക്കി സുധാകരപക്ഷം. ആരിഫിന്‍റെ നിലപാട് സുധാകര വിരുദ്ധ ചേരിയിലെ മുതിർന്ന നേതാക്കളും തള്ളിയതോടെ കടുത്ത പ്രതിരോധത്തിലാണ് അദ്ദേഹം. മുൻ മന്ത്രി ജി സുധാകരനെ കുരുക്കിൽ ആക്കാൻ ആയിരുന്നു ദേശീയപാത പുനർ നിർമാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള എ എം ആരിഫ് എം പിയുടെ കത്ത്.

എന്നാൽ പാർട്ടി ജില്ലാ സെക്രട്ടറിയും മുതിർന്ന നേതാക്കളും ഉൾപ്പെടെ ഇക്കാര്യം പരസ്യമായി തള്ളിയതോടെ ആരിഫ് വെട്ടിലായി.
ജി സുധാകരന്‍റെ അഴിമതിവിരുദ്ധ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കാൻ ശ്രമിച്ചുവെന്നാണ് സുധാകര പക്ഷത്തിന്‍റെ വാദം. പാർട്ടി അച്ചടക്കത്തിന് നിരക്കാത്ത പ്രവർത്തനം ആരിഫ് നടത്തിയെന്നും,സ്വന്തം ഘടകം ആയ ജില്ലാ കമ്മിറ്റിയെ പോലും അവഗണിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുവെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. 

എൽഡിഎഫ് സർക്കാരിന്‍റെ പ്രതിച്ഛായ പോലും കളങ്കപ്പെടുത്തുന്നതാണ് ആരിഫിന്‍റെ നടപടിയെന്നും പ്രതിപക്ഷത്തിന് അടിക്കാൻ അങ്ങോട്ട് വടി കൊടുത്ത വിവാദം ജില്ലാ സെക്രട്ടറിയേറ്റ് ഗൗരവമായി പരിശോധിക്കണമെന്നുമാണ് സുധാകര പക്ഷം അവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിലും സമ്മർദ്ദം ചെലുത്താനാണ് സുധാകര പക്ഷത്തിന്‍റെ തീരുമാനം.

തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടി അനുമതിയില്ലാതെ സ്ഥാനാർഥികൾക്കൊപ്പം പോസ്റ്റർ തയ്യാറാക്കി, ജില്ല ഒട്ടാകെ പതിച്ചത് ഉൾപ്പെടെ പല വിവാദങ്ങളും വീണ്ടും പാർട്ടിക്കുള്ളിൽ സജീവ ചർച്ച ആക്കാനും സുധാകര അനുകൂലികൾ തീരുമാനിച്ചിട്ടുണ്ട്. സുധാകര വിരുദ്ധ ചേരിയിലെ പ്രധാനിയായ മന്ത്രി സജി ചെറിയാൻ ഉൾപ്പെടെ പരസ്യമായി തള്ളി പറഞ്ഞതോടെ, പാർട്ടിയിൽ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് എ.എം. ആരിഫ് എംപി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona