Asianet News MalayalamAsianet News Malayalam

ഇബ്രാഹിംകുഞ്ഞ് റിമാൻഡിൽ, ആശുപത്രി മാറ്റില്ല, ജഡ്ജി നേരിട്ടെത്തി കണ്ടു

ഇബ്രാഹിംകുഞ്ഞിനെ നാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് വിജിലൻസ് ആവശ്യപ്പെട്ടത്. മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ഇതനുസരിച്ച് തുടർനടപടികൾക്കായാണ് ആശുപത്രിയിലെത്തിയത്. 

arresteste minister vk ibrahim kunju remanded
Author
Kochi, First Published Nov 18, 2020, 6:39 PM IST

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ റിമാൻഡിൽ വിട്ടു. 14 ദിവസത്തെ റിമാൻഡിൽ വിട്ട് വിജിലൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യനാണ് ഉത്തരവിട്ടത്. ഇബ്രാഹിംകുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മാറ്റി മറ്റേതെങ്കിലും സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കിയത്. എന്നാൽ, തൽക്കാലം ആശുപത്രി മാറ്റേണ്ടെന്നാണ് തീരുമാനം. റിമാൻഡ് കാലാവധി മുഴുവൻ ഇബ്രാഹിം കുഞ്ഞ് ലേക് ഷോർ ആശുപത്രിയിൽത്തന്നെ തുടരും.  

ഇബ്രാഹിംകുഞ്ഞിനെ കാണാൻ വിജിലൻസ് ജഡ്ജി കൊച്ചി ലേക് ഷോർ ആശുപത്രിയിൽ നേരിട്ടെത്തിയിരുന്നു. റിമാൻഡ് നടപടികൾ ഇബ്രാഹിംകുഞ്ഞിനെ നേരിട്ട് കണ്ടാണ് ജഡ്ജി പൂർത്തിയാക്കിയത്. ഇബ്രാഹിംകുഞ്ഞിന്‍റെ റിമാൻഡ് റിപ്പോർട്ട് വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് പ്രതിയെ ആശുപത്രിയിൽ പോയി കാണാൻ ജഡ്ജി തീരുമാനിച്ചത്. 

വൈകിട്ട് 6.10-ഓടെയാണ് വിജിലൻസ് ജഡ്ജി ലേക് ഷോർ ആശുപത്രിയിൽ എത്തിയത്. ഇബ്രാഹിംകുഞ്ഞിനെ നാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് വിജിലൻസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കസ്റ്റഡി അപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി പിന്നീട് പരിഗണിക്കും. പ്രതിക്ക് വേണ്ടി കോടതിയിൽ അഭിഭാഷകൻ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. റിമാൻഡ് നടപടികൾ പൂർത്തിയാക്കിയ ശേഷമാകും ഇതിൽ കോടതി തീരുമാനമെടുക്കുക. 

പാലാരിവട്ടം പാലം അഴിമതിക്കേസിൽ അഞ്ചാം പ്രതിയായ വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ വിജിലൻസ് നീക്കങ്ങൾ അതിവേഗത്തിലായിരുന്നു. നോട്ടീസുമായി രാവിലെ എട്ടരയോടെ ആലുവയിലെ വീട്ടിലെത്തിയെങ്കിലും ഇവിടെയില്ലെന്ന മറുപടിയാണ് ഭാര്യ നൽകിയത്. രോഗബാധയെത്തുടർന്ന് കൊച്ചി മരടിലെ ലേക് ഷോർ ആശുപത്രിയിൽ ഇന്നലെ വൈകുന്നേരം പ്രവേശിപ്പിച്ചെന്നായിരുന്നു വിശദീകരണം. 

ഇത് മുഖവിലക്കെടുക്കാതിരുന്ന വിജിലൻസ് സംഘം വീടിനുളളിൽ കയറി പരിശോധന നടത്തി. വീട്ടിൽ ഇബ്രാഹിംകുഞ്ഞ് ഇല്ലെന്ന് മനസ്സിലായതോടെയാണ് ഡിവൈഎസ്‍പിയും സംഘവും ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ഇബ്രാംഹിംകുഞ്ഞ് ആശുപത്രിയിലുണ്ടെന്ന് ഡോക്ടർമാരെ കണ്ട് സ്ഥിരീകരിച്ചു. തുടർന്ന് ഇബ്രാംഹിംകുഞ്ഞിന്‍റെ മുറിയിലെത്തിയ വിജിലൻസ് സംഘം രാവിലെ പത്തരയോടെ അറസ്റ്റ് രേഖപ്പെടുത്തി. 

പാലാരിവട്ടം പാലം അഴിമതിക്കേസിൽ കുറ്റകരമായ ഗൂഡാലോചന, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, അനധികൃത സ്വത്ത് സമ്പാദനം, അധികാര ദുർവിനിയോഗം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കരാറുകാരായ ആർഡിഎസ് എട്ടേകാൽ കോടി രൂപ മുൻകൂറായി നൽകിയതും അഴിമതിക്ക് കളമൊരുക്കുന്നതിന് വേണ്ടിയായിരുന്നെന്നും പാലം പണിയിൽ മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും മൗനാനുവാദത്തോടെ ഗുരുതരമായ ക്രമക്കേട് നടന്നെന്നുമാണ് വിജിലൻസ് കണ്ടെത്തൽ. 

ഇബ്രാഹിംകുഞ്ഞ് ചികിൽസയിലായതിനാൽ ആശുപത്രിയിൽ നിന്ന് കൊണ്ടുപോകാൻ ആകില്ലെന്നും അണുബാധയ്ക്ക് സാധ്യതയുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. ഇതോടെയാണ് കോടതിയിൽ നേരിട്ട് ഹാജരാക്കേണ്ടതില്ല എന്ന് തീരുമാനത്തിലേക്ക് അന്വേഷണസംഘം എത്തിയത്. കോടതിയിൽ ഹാജരാക്കിയശേഷം ജാമ്യം ലഭിക്കുന്നതിനുളള നടപടികൾക്ക് ഇബ്രാഹിംകുഞ്ഞുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇബ്രാംഹിംകുഞ്ഞിനെ നേരത്തെ പ്രതി ചേർത്തിരുന്നുവെങ്കിലും തൽക്കാലം അറസ്റ്റ് വേണ്ട എന്നായിരുന്നു മുൻ തീരുമാനം. 

Follow Us:
Download App:
  • android
  • ios