തിരുവനന്തപുരം: എതിര്‍പ്പ് ഉന്നയിക്കുന്നവരോട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുള്ള അതേ സമീപനം തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനുമുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യോഗിയും പിണറായിയും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളതെന്നും ചെന്നിത്തല നിയമസഭയിൽ ചോദിച്ചു. 

സമൂഹമാധ്യമങ്ങൾ വഴി മുഖ്യമന്ത്രിയെ അധിക്ഷേപിച്ച 119 പേ‍ര്‍ക്കെതിരെ ഈ സർക്കാരിന്റെ കാലത്ത് കേസെടുത്തെന്ന് സ‍ര്‍ക്കാര്‍ രേഖ. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അധിക്ഷേപിച്ചതിന് 41 സംസ്ഥാന സർക്കാർ ജീവനക്കാ‍ര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചെന്നും സര്‍ക്കാരിന്റെ രേഖകൾ പറയുന്നു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചവരിൽ 12 പേർ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും ഒരാൾ കേന്ദ്രസർക്കാർ ജീവനക്കാരനുമാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

വിമര്‍ശനം ഉന്നയിച്ചതിന് ലക്നൌവില്‍ പത്രക്കാരെ ജയിലിലിട്ട യോഗി ആദ്യത്യനാഥും പിണറായി വിജയനും തമ്മില്‍ എന്താണ് വ്യത്യാസമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. സംസ്ഥാനത്ത് നടക്കുന്ന ഭരണം ഏകാധിപത്യവും ഫാസിസവുമാണ്. പൊലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ വൈരികളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നയത്തിനെതിരെ യു ഡി എഫ് ശക്തമായി പോരാടുമെന്നും ചെന്നിത്തല പറഞ്ഞു.

read also: മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം: 119 പേ‍ര്‍ക്കെതിരെ കേസ് 

കാസര്‍കോട് കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വമായ നീക്കം നടത്തുന്നു എന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കേസ് അന്വേഷിക്കുന്ന സംഘത്തെ മൂന്ന് തവണ മാറ്റി. പ്രതികളെ എന്ത് വിലകൊടുത്തും രക്ഷിക്കാൻ ലക്ഷ്യമിട്ടാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ സിബി ഐ അന്വേഷണത്തെ ഭയക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

Read also: 'എന്തും വിളിച്ച് പറയാം എന്നാണോ?', സിഒടി നസീര്‍ വധശ്രമ കേസിൽ ക്ഷുഭിതനായി പിണറായി

ടി.പി ചന്ദ്രശേഖരന്റെയും ശുഹൈബിന്റെയും അടക്കം മിക്ക കൊലപാതകങ്ങളും നടത്തിയത് ഒരേ രീതിയിലാണെന്നും ഈ അക്രമി സംഘങ്ങളെ രക്ഷിക്കാനാണ് സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. നിരപരാധികളായ ഒരു കൂട്ടം ആളുകളെ കൊല്ലുന്ന, അതിന് കൂട്ടുനില്‍ക്കുന്ന ഒരു സര്‍ക്കാരില്‍ നിന്ന് എങ്ങനെ നീതി കിട്ടും. അതാണ് സിഒടി നസീറിന്‍റെ കാര്യത്തിലും സംഭവിച്ചതെന്നും ചന്നിത്തല കുറ്റപ്പെടുത്തി. 

 Read also:കര്‍ണാടകയിലും 'യുപി മോഡല്‍'; മുഖ്യമന്ത്രിയെ ഫേസ്ബുക്കില്‍ വിമര്‍ശിച്ച യുവാക്കളെ അറസ്റ്റ് ചെയ്തു