തൃശ്ശൂർ: ദുരിതാശ്വാസ പ്രവർത്തനത്തിന് പണം നൽകരുതെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തിന് മറുപടിയാണ് തൃശ്ശൂർ പാമ്പൂർ സ്വദേശി അറുമുഖൻ. കഴിഞ്ഞ വർഷത്തെ പ്രളയത്തിന് ശേഷം പെൻഷൻ തുകയുടെ ഒരു ഭാഗം അറുമുഖൻ ഇപ്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ പ്രളയത്തിന്റെ കാഴ്ചകളിൽ മനംനൊന്താണ് അറുമുഖൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകി തുടങ്ങിയത്. പെൻഷൻ തുകയിൽ നിന്ന് അത്യാവശ്യത്തിനുള്ള പണം നീക്കിവച്ച് ബാക്കി എല്ലാ മാസവും ബാങ്ക് വഴി അയച്ചു നൽകും. മറ്റൊരു പ്രളയം കൂടി നാടിനെ നടുക്കുമ്പോൾ ഈ 72 കാരന് ആകുലതകൾ ഏറെയാണ്.

പ്രളയദുരിതാശ്വാസത്തിന് സഹായം നൽകരുതെന്ന സാമൂഹിക മാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരെ വലിയ പ്രതിഷേധമാണ് അറുമുഖൻ ഉയർത്തുന്നത്. യുവാക്കൾ നെഗറ്റീവ് പ്രചാരണത്തിന് ചെവികൊടുക്കരുതെന്നാണ് അറുമുഖന്‍റെ ഉപദേശം. 2003-ൽ സെക്രട്ടേറിയറ്റ് പ്രസ്സിൽ നിന്നും വിരമിച്ച അറുമുഖൻ തൃശ്ശൂരിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും സജീവമാണ്.