കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജി. സ്റ്റീഫന്‍.

അരുവിക്കരയില്‍ ഇക്കുറി പോരാട്ടം തീപ്പാറുകയാണ്. മുപ്പത് വര്‍ഷം തങ്ങളുടെ കുത്തകയായിരുന്ന അരുവിക്കര മണ്ഡലം തിരിച്ച് പിടിക്കാന്‍ ഇത്തവണ കരുത്തനായ വി. എസ്. ശിവകുമാറിനെ രംഗത്തിറക്കിയിരിക്കുകയാണ് യുഡിഎഫ്. കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജി. സ്റ്റീഫന്‍. നടന്‍ വിവേക് ഗോപനാണ് അരുവിക്കരയില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ഥി.

മുപ്പത് വര്‍ഷത്തെ കുത്തക

1991 മുതല്‍ 2021 വരെ 30 വര്‍ഷം യുഡിഎഫിന് നിലനിര്‍ത്താനായ മണ്ഡലമാണ് അരുവിക്കര. 1991ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യത്തിലാണ് ജി കാര്‍ത്തികേയന്‍ ചെറിയൊരു ഭൂരിപക്ഷത്തില്‍ മണ്ഡലം പിടിച്ചെടുത്തത്. ജി കാര്‍ത്തികേയന്‍റെ മരണത്തെത്തുടർന്ന് ഒഴിവ് വന്ന അരുവിക്കര നിയോജകമണ്ഡലത്തിൽ നിന്ന് 2015ൽ ഉപതിരഞ്ഞെടുപ്പിൽ മകന്‍ കെ. എസ്. ശബരീനാഥൻ മത്സരിച്ചു. മത്സരത്തിൽ എം. വിജയകുമാറിനെ 10,128 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2016 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കര നിയോജകമണ്ഡലത്തിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ പ്രവര്‍ത്തന മികവിന്‍റെ ഫലമായാണ് 2021-ല്‍ അരുവിക്കര മണ്ഡലം എല്‍ഡിഎഫിന് തിരിച്ചു പിടിക്കാന്‍ കഴിഞ്ഞത്.

അരുവിക്കരയിലെ ജനങ്ങളുടെ രാഷ്ട്രീയം

അരുവിക്കരയിലെ രാഷ്ട്രീയം ഒരിക്കലും കേവലമായ ആശയങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. അവരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് അവരുടെ രാഷ്ട്രീയ നിലപാടുകള്‍ മാറുന്നത്. മലയോര ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകൾ, വേനൽക്കാലത്തെ കുടിവെള്ള ക്ഷാമം തുടങ്ങിയവ ഇവിടെ വലിയ രാഷ്ട്രീയ ചർച്ചയാകാറുണ്ട്. മഴക്കാലത്തെ വെള്ളപ്പൊക്കവും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനക്ഷമതയും വോട്ടർമാരുടെ പ്രധാന ഉത്കണ്ഠകളാണ്.

ഹൈന്ദവ വോട്ടർമാർ ഭൂരിപക്ഷമുള്ള ഇവിടെ ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങൾക്കും നിർണ്ണായക സ്വാധീനമുണ്ട്. ക്ഷേമ പെൻഷനുകൾ കൃത്യമായി ലഭിക്കുന്നുണ്ടോ, കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വോട്ടർമാരുടെ പ്രധാന രാഷ്ട്രീയ മാനദണ്ഡങ്ങളാണ്. തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണത്തേക്കാൾ ദീർഘകാലത്തെ ജനസമ്പർക്കവും വ്യക്തിപരമായ സ്വാധീനവും ഇവിടെ വിജയങ്ങളിൽ നിർണ്ണായകമാകാറുണ്ട്.

2021- ലെ നിയമസഭാ വിധി

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കരയിലെ വോട്ടർമാർ മാറി ചിന്തിക്കുകയായിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി ജി. സ്റ്റീഫൻ 66,776 വോട്ടുകൾ (45.83%) നേടി വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി കെ. എസ്. ശബരീനാഥനെ 5,046 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ശബരീനാഥന് 61,730 വോട്ടുകൾ (42.37%) ലഭിച്ചു. ബിജെപി സ്ഥാനാർത്ഥി 15,379 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി.

ഇത്തവണത്തെ തീപ്പാറും പോരാട്ടം!

ചരിത്രപരമായി ഇടതുപക്ഷവും കോൺഗ്രസും തമ്മിലുള്ള കടുത്ത പോരാട്ടത്തിനാണ് അരുവിക്കര സാക്ഷ്യം വഹിക്കുന്നത്. ഇത്തവണയും അത് അങ്ങനെ തന്നെയാകും. യുഡിഎഫിന്‍റെ കരുത്തനായ വി. എസ്. ശിവകുമാറും നിലവിലെ എംഎല്‍എ കൂടിയായ എല്‍ഡിഎഫിന്‍റെ ജി സ്റ്റീഫനും തമ്മിലാണ് കടുത്ത മത്സരം. എല്‍ഡിഎഫ് സര്‍ക്കാരിനും എല്‍ഡിഎഫിന്‍റെ പൊതു നയങ്ങള്‍ക്കും അനുസൃതമായി വോട്ടു ചെയ്ത് ജനങ്ങള്‍ ഇത്തവണയും വലിയ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിനെ തെരഞ്ഞെടുക്കുമെന്ന പ്രതീക്ഷയിലാണ് ജി സ്റ്റീഫന്‍. അതേസമയം വിദ്യാർഥി പ്രസ്ഥാനത്തിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ വി. എസ്. ശിവകുമാർ എം.പി, എം.എൽ.എ, മന്ത്രി എന്നീ നിലകളിൽ തിളങ്ങിയ യുഡിഎഫിന്‍റെ മുതിര്‍ന്ന നേതാവാണ്. നിലവിലുള്ള ഭരണകൂടത്തോടുള്ള ജനങ്ങളുടെ അതൃപ്തിയെ വോട്ടായി മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വി. എസ്. ശിവകുമാർ.

എന്‍ഡിഎയുടെ സ്ഥാനാര്‍ഥി നടൻ വിവേക് ഗോപന്‍ മലയാളം മിനി സ്ക്രീൻ പ്രേക്ഷകർക്ക് പരിചിതനാണ്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ ചവറ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയായിരുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ‘അമ്മ’ കേരള സ്‌ട്രൈക്കേഴ്‌സിന്റെ കളിക്കാരിൽ ഒരാളാണ്. വിവേക് 2021 ഫെബ്രുവരിയിലാണ് ബിജെപിയിൽ അംഗത്വം എടുത്തത്.