നിയുക്ത നിലമ്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്തിന് എ.കെ. ആന്റണി ആശംസകൾ നേർന്നു. ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും ആര്യാടൻ മുഹമ്മദിനെ പോലെ ജനകീയനാകണമെന്നും ഉപദേശിച്ചു.

തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്കു മുൻപ് വീട്ടിലെത്തി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയെ സന്ദർശിച്ച് നിയുക്ത നിലമ്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്ത്. ആര്യാടൻ ഷൗക്കത്തിന് ഷാൾ അണിയിക്കുമ്പോൾ ജൂനിയർ ആര്യാടന് എന്റെ വക എന്നാണ് എ.കെ.ആന്റണി പറഞ്ഞത്. ആര്യാടൻ മുഹമ്മദ് തിരിച്ചു വന്നതു പോലെ തോന്നുന്നുവെന്നും ആര്യാടനെ പോലെ ജനകീയനാകണം എന്നും ഷൗക്കത്തിന് ഉപദേശവും നൽകി.

ജനങ്ങൾക്കൊപ്പം നിൽക്കണം. എന്റെ ഏറ്റവും അടുത്ത സഹപ്രവർത്തകനായിരുന്നു ആര്യാടൻ മുഹമ്മദ്. ആ ആര്യാടന് തിരിച്ചുവന്നത് പോലെ ഉണ്ടെന്നും എ. കെ ആന്റണി പ്രതികരിച്ചു. കോൺഗ്രസ്സിൽ നല്ല കെട്ടുറപ്പുണ്ട്. ഈ കെട്ടുറപ്പ് തുടർന്നാൽ മലപ്പുറത്തെ മുഴുവൻ സീറ്റുകളും 2026 ൽ നേടാനാകും. ഈ ടീം സ്പിരിറ്റ് നിലനിർത്തണം. നിലമ്പൂരിലെ ക്രെഡിറ്റ് ജനങ്ങൾക്കാണ്. ജനവിരുദ്ധ സർക്കാരിനെതിരെ ജനം വോട്ട് ചെയ്തുവെന്നും എ. കെ ആന്റണി.

രണ്ടാമത്തെ ക്രെഡിറ്റ് യുഡിഎഫിനും കോൺഗ്രസിനുമുള്ളതാണ്. കോൺഗ്രസ് - ലീഗ് ഐക്യത്തെ കുറിച്ച് പറയാൻ വാക്കുകളില്ല. ഒരു കുടുംബം പോലെ പ്രവർത്തിച്ചു. പ്രശ്നങ്ങൾ മറന്നു അധ്വാനിച്ചു. കെ.കരുണാകരൻ ഗ്രൂപ്പിനെ പറ്റി പറഞ്ഞത് പോലെ ഒരു പ്രശ്നം വന്നാൽ കൊല്ലനും കൊല്ലത്തിയും ഒന്നാകും. അത് പോലെയാണ് ഞങ്ങളും ഒരു കുടുംബമാണെന്നും എ. കെ ആന്റണി പ്രതികരിച്ചു.

എനിക്ക് ഏറ്റവും കൂടുതൽ ഭക്ഷണം തന്നത് ആര്യാടൻ മുഹമ്മദിന്റെ ഭാര്യയാണ്. പിന്നെ ഉമ്മൻ ചാണ്ടിയുടെ കുടുംബം. വി.വി.പ്രകാശിന്റെ കുടുംബത്തോടും അതെ അടുപ്പമാണുള്ളത്. മരണം വരെ വി.വി. പ്രകാശ് കോൺഗ്രസ്സാണെന്ന് പറഞ്ഞ എ.കെ ആന്റണി ചെന്നിത്തലയുടെ ക്യാപ്റ്റൻ പരിഭവത്തിൽ പ്രതികരിക്കാൻ എന്നെ കിട്ടില്ല എന്നാണ് പറഞ്ഞത്. തരൂരുമായി ബന്ധപ്പെട്ട ഒന്നിനും മറുപടി പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേ‍‌ർത്തു.