Asianet News MalayalamAsianet News Malayalam

ഏഷ്യാനെറ്റ് ന്യൂസ് ഏഴാമത് ടിഎൻജി പുരസ്കാരം പദ്മശ്രീ ചെറുവയൽ രാമന്; പുരസ്കാര സമർപ്പണം ജനുവരി 30 ന്

 52 ലേറെ പൈതൃക നെൽവിത്തുകൾ സംരക്ഷിച്ച് കൃഷി ചെയ്ത് കേരളത്തിലെ മറ്റു കർഷകർക്ക് പ്രചോദനമായമായി മാറിയിട്ടുണ്ട് ഈ ജൈവ മനുഷ്യൻ. രാജ്യം പദ്മശ്രീ നൽകി ആദരിച്ച കർഷകൻ.

Asianet News 7th TNG award to Padma Shri Cheruvayal Raman sts
Author
First Published Jan 28, 2024, 7:25 AM IST

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ഏഴാമത് ടിഎൻജി പുരസ്കാരത്തിന് വയനാട്ടിലെ ആദിവാസി കർഷകനായ പദ്മശ്രീ ചെറുവയൽരാമൻ അർഹനായി. പുരസ്കാര സമര്‍പ്പണം ടിഎന്‍ ഗോപകുമാറിന്‍റെ ഓര്‍മ്മദിനമായ ജനുവരി 30 ന്. കാര്‍ഷിക അവകാശ പ്രവര്‍ത്തക ചുക്കി നഞ്ചുണ്ട സ്വാമി പുരസ്കാരം സമ്മാനിക്കും. 

പരമ്പരാഗത നെല്ലിനങ്ങളുടെ കാവലാളാണ് വയനാട് കമ്മനയിലെ ആദിവാസി കർഷകനായ ചെറുവയല്‍ രാമന്‍. 52 ലേറെ പൈതൃക നെൽവിത്തുകൾ സംരക്ഷിച്ച് കൃഷി ചെയ്ത് കേരളത്തിലെ മറ്റു കർഷകർക്ക് പ്രചോദനമായമായി മാറിയിട്ടുണ്ട് ഈ ജൈവ മനുഷ്യൻ. രാജ്യം പദ്മശ്രീ നൽകി ആദരിച്ച കർഷകൻ. ചെറുവയല്‍ കുറിച്യത്തറവാട്ടിലെ കേളപ്പന്റെയും തേയിയുടെയും മകനായി ജനനം. ക്ലാസുമുറികളല്ല. ചെറുപ്രായത്തിലെ ചെളി നിറഞ്ഞ പാടവും കതിരിന്റെ ഗന്ധവുമാണ് രാമനെ ആകർഷിച്ചത്.

അമ്മാവന്റെ കൈ പിടിച്ചാണ് ആദ്യം പാടത്തിറങ്ങിയത്. അങ്ങനെ 10 വയസ്സായപ്പോഴേക്കും രാമൻ കൃഷിക്കാരനായി. ഇടക്കാലത്ത് ആശുപത്രിവാർഡനായി ജോലി കിട്ടിയെങ്കിലും രാമൻ ചേറും ചളിയും നിറഞ്ഞ പാടം തന്നെയാണ് തന്റെ വഴിയെന്ന് കണ്ട് അതുപേക്ഷിച്ചു. വയനാട്ടിൽ ഒരു കാലത്ത് 100ലധികം നെൽവിത്തുകൾ കൃഷി ചെയ്തുരുന്നു. രാമന്റെ കുടുംബവക പാടത്ത് 7 ഇനവും.

ജനിതകമാറ്റം വരുത്തിയ വിത്തുകൾ കൃഷിയിൽ കൂടുതൽ പ്രചാരത്തിലായതോടെ പരമ്പരാഗത ഇനങ്ങൾ അപ്രത്യക്ഷമാകുന്നത് ശ്രദ്ധിച്ച രാമൻ നാടൻ നെൽവിത്തുകൾ ശേഖരിച്ച് കൃഷി ചെയ്യാൻ തുടങ്ങി. മൂന്ന് പതിറ്റാണ്ടിൻ്റെ അധ്വാനത്തിലൂടെ ഈ ആദിവാസി കർഷകൻ സംരക്ഷിച്ചത് കുന്നുംകുളമ്പന്‍, കുത്തിച്ചീര, കനകം, ചെമ്പകം തൊണ്ടി ചോമാല തുടങ്ങി ഇന്നത്തെ കര്‍ഷകര്‍ക്ക് കേട്ടറിവ് പോലും ഇല്ലാത്ത അനേകയിനം നെൽ വിത്തുകൾ. തരിശായി മാറിയ പാടങ്ങളുടെ നാടായ കേരളത്തിൽ ചെറുവയൽ രാമൻ പുതിയ ചിന്തയ്ക്ക് തി കൊളുത്തി. കൃഷി ഉപേക്ഷിച്ച പല കർഷകരും മണ്ണിന്റെ വിളി കേട്ടു. രാമൻ നൽകിയ നെല്ലിനങ്ങൾ കൃഷി ചെയ്തു. വിത്ത് സൗജന്യമായി നൽകുമ്പോൾ ഒറ്റ ഉപാധിയേ രാമനുള്ളൂ. വിളവ് നന്നായാൽ കൊയ്ത് കഴിഞ്ഞ് അതേ അളവിൽ തിരിച്ച് നൽകണം. ക‍ൃഷി തുടരണം.. അനന്തര തലമുറകൾക്കായി കാത്ത് വെക്കണം ആ വിത്തിനങ്ങളെ.

ബ്രസീലിലെ ലോക കാര്‍ഷിക സെമിനാറിലടക്കം വിവിധ രാജ്യങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിച്ചിട്ടുണ്ട് ഇദ്ദേഹം. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ജിനോം സേവിയര്‍ പുരസ്‌കാരം, ജനിതക സംരക്ഷണ പുരസ്‌കാരം, സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ഭക്ഷ്യ ഭദ്രത അവാർഡ് ഉള്‍പ്പടെ ഒട്ടേറെ ബഹുമതികള്‍ക്ക് അർഹനായി. മണ്ണിനേയും പരിസ്ഥിതിയേയും സ്നേഹിച്ചുകൊണ്ടുള്ള വയനാടിന്റെ നെല്ല് അച്ഛന്റെ യാത്ര 73 ആം വയസ്സിലും തുടരുന്നു.ആ വേറിട്ട യാത്രയെ ആണ് ഏഷ്യാനെറ്റ് ന്യൂസ് ടിഎൻജി പുരസ്കാരം നൽകി ആദരിക്കുന്നത്. കേരളത്തിലെ സാമൂഹ്യ രംഗത്തെ നന്മയുള്ളതാക്കി മാറ്റാൻ നിരന്തരം ഇടപെട്ട ടിഎൻ ഗോപകുമാർ എന്ന ചീഫ് എഡിറ്ററുടെ പേരിലുള്ള പുരസ്കാരം നൽകികൊണ്ട്.

 

Latest Videos
Follow Us:
Download App:
  • android
  • ios