ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാനെതിരെ ആക്രമണം; വാർത്താശേഖരണത്തിനിടെ ബൈക്കിടിച്ച് വീഴ്ത്തി
തിരുവനന്തപുരം നഗരമധ്യത്തിലെ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. ഈ അപകടം നടന്ന സ്ഥലത്തിന്റെ ദൃശ്യങ്ങൾ പകർത്തനാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്താ സംഘം എത്തിയത്.

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാനെ മദ്യപസംഘം ആക്രമിച്ചു(cameraman attacked). തിരുവനന്തപുരം ബ്യൂറോ (Thiruvananthapuram Bureau) ക്യാമറാമാൻ അരവിന്ദിനെതിരെയാണ് ആക്രമണം ഉണ്ടായത്. കോട്ടൺ ഹിൽ സ്കൂളിന് സമീപത്തിലെ റോഡിലെ കുഴികളുടെ ദൃശ്യം പകർത്താനെത്തിയ അരവിന്ദിനെ ബൈക്കിടിച്ച് വീഴ്ത്തുകയായിരുന്നു. കെ എൽ 74 എ 5482 ആക്ടീവാ ബൈക്കാണ് അരവിന്ദിനെ ഇടിച്ചത്.
ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം ബൈക്കിൽ വന്നവർ അരിവിന്ദിനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇവർ മദ്യലഹരിയിലായിരുന്നു. കൂടുതൽ മാധ്യമപ്രവർത്തകർ എത്തി ഇവരെ പിടിച്ചു നിർത്തുകയായിരുന്നു. പരിക്കേറ്റ അരവിന്ദിനെ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം നഗരമധ്യത്തിലെ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. കോട്ടൺഹിൽ സ്കൂളിന് മുന്നിലെ കുഴിയിൽ വീണായിരുന്നു അപകടം. ഇന്നലെയും ഇവിടെ വച്ച് ഒരു യാത്രക്കാരന് പരിക്കേറ്റിരുന്നു.
ഈ അപകടം നടന്ന സ്ഥലത്തിന്റെ ദൃശ്യങ്ങൾ പകർത്തനാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്താ സംഘം എത്തിയത്. റിപ്പോർട്ടിനാവശ്യമായ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാനെതിരെ ആക്രമണമുണ്ടായതിന് പിന്നാലെ മറ്റൊരു യാത്രക്കാരൻ കൂടി ഇതേ സ്ഥലത്ത് വച്ച് അപകടത്തിൽ പെട്ടു.