ആതുര ചികിത്സാരംഗത്ത് മികവ് തെളിയിച്ചവർക്കുള്ള ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലെൻസ് അവാർഡ്  2019 ന് വർണാഭമായ തുടക്കം. കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലാണ് പുരസ്കാര ചടങ്ങിന് വേദി ആകുന്നത്. സംസ്ഥാനത്തെ നഴ്സുമാരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആറ് പേർക്കാണ് അവാർഡ് സമ്മാനിക്കുക.

 

ആശുപത്രിയിലെത്തുന്ന രോഗികളെ സ്നേഹത്തോടെ പരിചരിച്ച് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ഭൂമിയിലെ മാലാഖമാർക്ക് ഇത്തരമൊരു ചടങ്ങിലൂടെ ആദരം അർപ്പിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. ആരോഗ്യ സുരക്ഷ രംഗത്തെ നഴ്സുമാരുടെ മികച്ച സേവനങ്ങൾക്കാണ് അംഗീകാരം. സ്ഥാനത്തൊട്ടാകെ നിന്ന് വന്ന നോമിനേഷനുകളിൽ നിന്ന് ഏറ്റവും മികവ് തെളിയിച്ച ആറ് പേർക്കാണ് ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലെൻസ് അവാർഡ് 2019 സമ്മാനിക്കുക. ആറ് കാറ്റഗറികളായാണ് അവാർഡ് നൽകുക. 

 പുതുതായി നഴ്സിംഗ് മേഖലയിൽ പ്രവേശിച്ചവർക്കായി റൈസിംഗ് സ്റ്റാർ അവാർഡ്. ആതുരസേവന രംഗത്തേക്ക് യുവതി യുവാക്കളെ കൈപിടിച്ചുയർത്തുന്ന നഴ്സിംഗ് അധ്യാപകർക്കായി ബെസ്റ്റ് ടീച്ചർ അവാർഡ്. കർമ്മരംഗത്ത് മികവ് തെളിയിച്ച നഴ്സിന് ക്ലിനിക്കൽ എക്സലൻസ് അവാർഡ് . ഭരണ മികവിന് നഴ്സിംഗ് അഡ്മിനിസ്ട്രേറ്റർ അവാർഡ്. തന്റെ ജീവിതത്തിന്റെ നല്ലൊരു പങ്ക് ആതുര ചികിത്സരംഗത്ത് ചിലവിട്ടവർക്കായി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്. ഇത് കൂടാതെ നഴ്സിംഗ് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നഴ്സിന് സെപ്ഷ്യൽ ജൂറി അവാർഡും സമ്മാനിക്കും.

ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ അവാർഡുകൾ സമ്മാനിക്കും. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ട്രോഫിയുമടങ്ങുന്നതാണ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്. മറ്റ് കാറ്റഗറികളിൽ വിജയികളാകുന്നവർക്ക് അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ട്രോഫിയും സമ്മാനിക്കും.