Asianet News MalayalamAsianet News Malayalam

Nursing Excellence award : ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലൻസ് അവാർഡ് കൊച്ചിയിൽ വിതരണം ചെയ്തു

നഴ്സിംഗ് എക്സലൻസ് അവാ‍ർഡ് എന്ന ആശയവുമായി മുന്നോട്ട് വന്ന ഏഷ്യാനെറ്റ് ന്യൂസിന് വ്യവസായ മന്ത്രി പി രാജീവും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും അഭിന്ദനം അറിയിച്ചു. 

Asianet News Nursing Excellence award distribution at kochi p rajeev and v d Satheesan appreciate initiative
Author
Kochi, First Published Nov 28, 2021, 7:51 PM IST

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിന്റെ രണ്ടാമത് നഴ്സിങ് എക്സലൻസ് അവാർഡ് വിതരണം കൊച്ചിയിൽ നടന്നു. സംസ്ഥാനത്തെ നഴ്സുമാരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എട്ട് പേർക്കാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. നഴ്സിംങ് സമൂഹത്തിൽ നിന്നുള്ളവർക്ക് അവ‍ാർ‍ഡ് ഏ‌ർപ്പെടുത്തിയ ഏഷ്യാനെറ്റ് ന്യൂസിനെ മന്ത്രി പി രാജീവ് അഭിനന്ദിച്ചു. നഴ്സിംഗ് എക്സലൻസ് അവാർഡ് മനോഹരമായ ആശയമാണെന്നും എല്ലാ മാധ്യമങ്ങൾക്കും മാതൃകയാക്കാവുന്ന പ്രവർത്തനമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. 

കൊവിഡും പ്രളയവും വന്നപ്പോഴാണ് നഴ്സുമാരുടെ വില അറിഞ്ഞതെന്ന് മന്ത്രി പി രാജീവ് കുട്ടിച്ചേർത്തു. ചികിത്സ വെല്ലുവിളിയാകുന്ന കാലത്തിലാണ് നാം ജീവിക്കുന്നതെന്ന് ഓർമ്മപ്പെടുത്തിയ വി ഡി സതീശൻ മെഡിക്കൽ ഇൻഷുറൻസ് എല്ലാവർക്കും ഉറപ്പാക്കണമെന്ന് പുരസ്കാര വേദിയിൽ ആവശ്യപ്പെട്ടു. 

ബോൾഗാട്ടി പാലസ് കൺവെൻഷൻ സെന്‍ററിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വ്യവസായ മന്ത്രി പി രാജീവ് (P Rajeeve Minister for Industries)  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യാതിഥിയായിരുന്നു. കൊച്ചി മേയർ എം അനിൽകുമാറടക്കമുള്ളവർ പുരസ്കാര വിതരണ ചടങ്ങിന്റെ ഭാഗമായി.  

വിധി നിർണയത്തിലേക്കെത്തിയ 648 നാമനി‍ദ്ദേശങ്ങളിൽ നിന്ന് ആരോഗ്യവിദഗ്ധൻ ഡോ. രാജീവ് സദാനന്ദന്‍റെ (Dr Rajiv Sadanandan) നേതൃത്വത്തിലുള്ള ഏഴംഗ ജൂറി തെരഞ്ഞെടുത്തവർക്കാണ് അവാർഡ് സമ്മാനിച്ചത്. 

തന്‍റെ ജീവിതത്തിലെ നല്ലൊരു പങ്ക് ആതുര ചികിത്സ രംഗത്ത് ചിലവിട്ടവർക്കായുള്ള ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരമാണ് ഏറ്റവും പ്രധാനം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് (Lifetime Achievement Award). ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം ഇക്കുറി നേടിയത് ഗീത പിയാണ്. കോഴിക്കോട്ടെ കാത്ത് ലാബ് സജ്ജമാക്കുന്നതിൽ മുന്നിൽ നിന്ന മാലാഖയാണ് ഗീത. ഫ്ളോറൻസ് നൈറ്റിംഗേൾ അവാർഡ്, കേരള സ്റ്റേറ്റ് ബെസ്റ്റ് നഴ്സിങ് അവാർഡ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട് ഇവർ.

May be an image of 4 people, people standing and text that says "asıanet news Nursing Excellence Award 2021 ഗീത പി ലൈഫ് ടൈം അച്ചീവ്‌മെൻ്റ് Find us on asianetnews.com"


നഴ്സിങ് രംഗത്തെ ഭാവി വാഗ്ദാനങ്ങൾക്ക് ഏഷ്യാനെറ്റ് ന്യൂസ് നഴ്സിങ് എക്സലൻസ് അവാർഡ് നൽകുന്ന റൈസിങ് സ്റ്റാർ പുരസ്കാരം നേടിയത് ഹാഷിം എം ആണ്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. തിരുവനന്തപുരം സ്വദേശിയായ ഹാഷിം കൊവിഡ് പ്രതിരോധത്തില്‍ സജീവമായിരുന്നു. 2021ലെ ബെസ്റ്റ് ഔട്ട്ഗോയിങ് സ്റ്റുഡന്റാണ് ഹാഷിം. അക്കാദമിക് റെക്കോർഡ്, മുന്നിൽ നിന്ന് നയിക്കാനുള്ള നേതൃപാടവം, നഴ്സിങ് രംഗത്ത് നടത്തിയ ഗവേഷണ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് പുരസ്‍കാരം.

May be an image of 2 people, people standing and text that says "asianet news Nursing Excellence Award 2021 ഹാഷിം.എ റൈസിംഗ് സ്റ്റാർ അവാർഡ് Find us on asianetnews.com"

ഏഷ്യാനെറ്റ് ന്യൂസ് നഴ്സിങ് എക്സലൻസ് അവാർഡിൽ മികച്ച അധ്യാപകനുള്ള പുരസ്കാരം സ്വന്തമാക്കിയത് രാജീ രഘുനാഥാണ്. 50,000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം. ഇരിങ്ങാലക്കുട ഗവ ആശുപത്രിയിലെ സീനിയർ നഴ്സിങ് ഓഫീസറാണ് രാജീ രഘുനാഥ്. 31 വർഷത്തെ അനുഭവ പരിചയമുള്ള രാജീ ജനറൽ നഴ്സിങ് ആന്‍ഡ് മിഡവൈഫ് കോഴ്സ് ഒന്നാം റാങ്കോടെ പാസായ വ്യക്തിയാണ്. അക്കാദമിക് മികവ്, അനുഭവ സമ്പത്ത്, പങ്കെടുത്തിട്ടുള്ള സർട്ടിഫിക്കേഷൻ പ്രോഗ്രാംസ്, ആരോഗ്യ മേഖലയിൽ നടത്തിയ രചനകൾ, പ്രസിദ്ധീകരണങ്ങൾ, മറ്റ് പുരസ്കാരങ്ങൾ, മറ്റ് മേഖലകളിലെ പ്രാതിനിധ്യം എന്നിവ കണക്കിലെടുത്താണ് പുരസ്‍കാരം.

May be an image of 2 people, people standing and text that says "asianet news Nursing Excellence Award 2021 രാജി രഘുനാഥ് ബെസ്റ്റ് ടീച്ചർ Find us on asianetnews.com"

ക്ലിനിക്കൽ എക്സലൻസ് പുരസ്കാരത്തിന് അര്‍ഹയായത് ലിൻസി പി ജെയാണ്. ഇരിങ്ങാലക്കുട ഗവണ്‍മെന്‍റ് ആശുപത്രിയിലെ സീനിയർ നഴ്സിങ് ഓഫീസറാണ് ലിന്‍സി. കേന്ദ്ര സർക്കാരിന്‍റെ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ്, സംസ്ഥാന സർക്കാരിന്‍റെ മികച്ച നഴ്സിനുള്ള പുരസ്കാരം എന്നിവ നേടിയ ലിൻസി പി ജെ കേരളത്തിലെ ആദ്യ കൊവിഡ് രോഗിയെ ചികിത്സിച്ച സംഘത്തിലുണ്ടായിരുന്നു. എല്ലാവരും ഭയപ്പെട്ട് നിന്നിടത്ത് രോഗിയുടെ സ്വാബ് എടുത്തത് ലിൻസിയായിരുന്നു.

May be an image of 3 people, people standing and text that says "asianet news Nursing Excellence Award 2021 ലിൻസി. പി. ജെ ക്ലിനിക്കൽ എക്‌സലൻസ് അവാർഡ് Find us on asianetnews.com"

പൊതുജനങ്ങൾക്കുള്ള സേവനത്തിനുള്ള പുരസ്കാരത്തിന് അർഹയായത് അമ്പിളി തങ്കപ്പനാണ്. മുള്ളൂർക്ക് എസ്എച്ച്സിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സാണ് അമ്പിളി. കിടപ്പുരോഗികൾക്കും ഡെങ്കിപ്പനി പ്രതിരോധത്തിനുമൊക്കെയായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന വ്യക്തിയാണ് അമ്പിളി തങ്കപ്പൻ. അനുഭവ സമ്പത്ത്, പൊതുജന സേവന മേഖലയിലെ പ്രവർത്തനങ്ങളിലെ മികവ് എന്നിവ പരിഗണിച്ചാണ് പുരസ്‍കാരം.
May be an image of 4 people, people standing and text that says "SER asianet news Nursing Excellence Award 2021 അമ്പിളി തങ്കപ്പൻ സർവീസ് ടു കമ്യൂണിറ്റി Find uડ on asianetnews.con"

മികച്ച നഴ്സിങ്ങ് സുപ്രണ്ടിനുള്ള പുരസ്കാരത്തിന് അര്‍ഹയായത് സുദർശ കെയാണ്. 50,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. അനുഭവ സമ്പത്ത്, ഹെഡ് നഴ്സായുള്ള എക്സ്പീരിയൻസ്, സൂപ്രണ്ടായുള്ള അനുഭവ പരിചയം, മറ്റ് പുരസ്കാരങ്ങൾ, സർട്ടിഫിക്കറ്റുകൾ എന്നിവ പരിഗണിച്ചാണ് പുരസ്‍കാരം.

May be an image of 3 people, people standing and text

സ്പെഷ്യല്‍ ജൂറി അവാര്‍ഡ് നേടിയത് അന്നമ്മ സിയും ഷൈജ പിയുമാണ്.

May be an image of 2 people, people standing and text that says "asıanet news Nursing Excellence Award 2021 അന്നമ്മ സി.ടി സ്‌പെഷ്യൽ ജൂറി അവാർഡ് Find uડ on asianetnews.com"May be an image of 2 people, people standing and text that says "asianet news Nursing Excellence Award 2021 ഷൈജ പി.എം എം സ്‌പെഷ്യൽ ജൂറി അവാർഡ് Find uડ on asianetnews.com"

ഡോ. രാജീവ് സദാനന്ദൻ, ഡോ. റോയ് കെ ജോർജ്ജ്, ഡോ. സെൽവ ടൈറ്റസ് ചാക്കോ, ഡോ. ലത, എം ജി ശോഭന, ഡോ. സലീന ഷാ, ഡോ. സോന പി.എസ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‍കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

Follow Us:
Download App:
  • android
  • ios