മലപ്പുറം കവളപ്പാറ മണ്ണിടിച്ചിലിനെക്കുറിച്ചുള്ള സാനിയോയുടെ റിപ്പോര്‍ട്ടുകളാണ് പുരസ്കാരത്തിന് അര്‍ഹമായത്. 

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ 2019-ലെ മാധ്യമ പുരസ്കാരങ്ങൾ കൊച്ചിയിൽ പ്രഖ്യാപിച്ചു. മികച്ച ദൃശ്യമാധ്യമപ്രവര്‍ത്തനത്തിനുള്ള പ്രത്യേക ജൂറി പരാമർശം ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ റിപ്പോര്‍ട്ടര്‍ സാനിയോക്ക് ലഭിച്ചു. മലപ്പുറം കവളപ്പാറ മണ്ണിടിച്ചിലിനെക്കുറിച്ചുള്ള സാനിയോയുടെ റിപ്പോര്‍ട്ടുകളാണ് പുരസ്കാരത്തിന് അര്‍ഹമായത്. അപകടത്തിൽ നിരവധി ജീവനുകൾ മണ്ണിനിടയിൽ പുതഞ്ഞുപോയെന്ന് പുറംലോകത്തെ അറിയിച്ചത് സാനിയോയുടെ റിപ്പോ‍ർട്ടാണെന്ന് അവാര്‍ഡ് ജൂറി വിലയിരുത്തി. 

മീഡിയ വണ്‍ ചാനലിലെ സുനിൽ ബേബിക്ക് മികച്ച ദൃശ്യമാധ്യമ പ്രവർത്തനത്തിനുളള പുരസ്കാരം ലഭിച്ചു. മഹാരാഷ്ട്ര കരിമ്പിൻ തോട്ടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളെ നിര്‍ബന്ധിച്ച് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതടക്കമുള്ള ചൂഷണങ്ങളെക്കുറിച്ചുള്ള വാര്‍ത്തയാണ് സുനിൽ ബേബിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.