Asianet News MalayalamAsianet News Malayalam

കെജ്‍രിവാളിന്റെ സുരക്ഷ പിൻവലിക്കൂ; ദില്ലി പൊലീസിനോട് ബിജെപി

ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടത് പോലെ താനും സുരക്ഷാ ജീവനക്കാരാൽ കൊല്ലപ്പെടുമെന്നും, തന്റെ സുരക്ഷാ ജീവനക്കാർ ബിജെപിക്ക് റിപ്പോർട്ട് ചെയ്യുന്നവരാണെന്നുമുള്ള അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയാണ് ബിജെപിയെ ചൊടിപ്പിച്ചത്

Assassination row BJP demands delhi police to withdraw Arvind kejriwal's security
Author
New Delhi, First Published May 20, 2019, 5:41 AM IST

ദില്ലി: ആംആദ്മി പാർട്ടി തലവനും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ സുരക്ഷ പിൻവലിക്കണമെന്ന് ദില്ലി പൊലീസിനോട് ബിജെപി. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടത് പോലെ താനും സുരക്ഷാ ജീവനക്കാരാൽ കൊല്ലപ്പെടുമെന്നും, തന്റെ സുരക്ഷാ ജീവനക്കാർ ബിജെപിക്ക് റിപ്പോർട്ട് ചെയ്യുന്നവരാണെന്നുമുള്ള അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയാണ് ബിജെപിയെ ചൊടിപ്പിച്ചത്. സുരക്ഷാ ജീവനക്കാരോട് മാപ്പ് പറഞ്ഞ് പ്രസ്താവന പിൻവലിക്കാത്ത പക്ഷം കെജ്രിവാളിന് സുരക്ഷ നൽകരുതെന്ന് ബിജെപി ആവശ്യപ്പെട്ടു.

ദില്ലി പൊലീസ് കമ്മിഷണർക്ക് ഇത് സംബന്ധിച്ച് ബിജെപി കത്തയച്ചു. അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരെ മാനസികമായി തകർത്തിരിക്കാമെന്നും അതിനാൽ ഇവർക്ക് കൗൺസിലിങ് ലഭ്യമാക്കണമെന്നും ഇവരെ എത്രയും വേഗം മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയിൽ നിന്ന് തിരികെ വിളിക്കണമെന്നും ബിജെപി വക്താവ് പ്രവീൺ ശങ്കർ കപൂർ പറഞ്ഞു.

തന്റെ സ്വകാര്യ സുരക്ഷാ ജീവനക്കാരനടക്കം തന്റെ ചുറ്റിലുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ബിജെപിക്ക് റിപ്പോർട്ട് ചെയ്യുന്നവരാണെന്നായിരുന്നു അരവിന്ദ് കെജ്രിവാൾ പറഞ്ഞത്. ബിജെപി തനിക്ക് പിന്നാലെ തന്നെയുണ്ടെന്നും മിനിറ്റുകൾക്കുള്ളിൽ അവർക്ക് തന്നെ കൊലപ്പെടുത്താനാകുമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios