Asianet News MalayalamAsianet News Malayalam

കൈയ്യാങ്കളി കേസ് തിരികെ സിജെഎം കോടതിയിലേക്ക്, വിധി ശിവൻകുട്ടിക്ക് നിർണായകം

കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യത്തെ എതിർത്ത ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെ സ്ഥലംമാറ്റുന്നതടക്കമുള്ള അസാധാരണ നടപടികളായിരുന്നു പ്രതികളെ രക്ഷിക്കാൻ പിണറായി സർക്കാർ കൈക്കൊണ്ടത്.

Assembly ruckus returning to Trivandrum CJM Court
Author
Thiruvananthapuram, First Published Jul 28, 2021, 1:50 PM IST

തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസ് റദ്ദാക്കണമെന്ന സർക്കാർ അപേക്ഷ ഹൈക്കോടതിക്ക് പിന്നാലെ സുപ്രീംകോടതിയും തള്ളിയതോടെ ഈ ആവശ്യം ഏറ്റവും ആദ്യം ഉന്നയിച്ച തിരുവനന്തപുരം സിജെഎം കോടതിയിലേക്ക് തന്നെ കേസ് തിരിച്ചെത്തുകയാണ്. സിജെഎം കോടതിയിലാവും കേസിൻ്റെ വിചാരണ നടക്കുക. 

കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യത്തെ എതിർത്ത ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെ സ്ഥലംമാറ്റുന്നതടക്കമുള്ള അസാധാരണ നടപടികളായിരുന്നു പ്രതികളെ രക്ഷിക്കാൻ പിണറായി സർക്കാർ കൈക്കൊണ്ടത്. പ്രമാദമായ കേസ് തള്ളാനുള്ള രഹസ്യനീക്കം പുറത്ത് കൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസായിരുന്നു

ജനാധിപത്യകേരളത്തിന് നാണക്കേട് ഉണ്ടാക്കിയ സംഭവത്തിൽ പ്രതികളെ രക്ഷിക്കാൻ സർക്കാർ‍ നടത്തിയത് വഴിവിട്ട നീക്കങ്ങളുടെ പരമ്പരയായിരുന്നു.  കേസ്  അവസാനിപ്പിക്കാൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് വി. ശിവൻകുട്ടി.  നിയമവകുപ്പിൻ്റെ ഉപദേശം മറികടന്ന് പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാൻ മുഖ്യമന്ത്രി തീരുമാനം എടുത്ത വിവരം ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് കൊണ്ടുവന്നത് 21-01 2018 -ൽ.

തിരുവനന്തപുരം സിജെഎം കോടതിയിൽ സർക്കാർ നിലപാട് അറിയിക്കേണ്ട ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ബീന സതീഷും തീരുമാനത്തെ എതിർത്തു. ഇതോടെ ബീനയെ മറികടന്ന് പ്രതികൾക്കായി പുറത്തുനിന്നും അഭിഭാഷകനെ കൊണ്ടുവന്നു. ബീനാ സതീഷും 
പ്രതികളായ സിപിഎം നേതാക്കൾക്കായി ഹാജരായ അഡ്വക്കേറ്റ് കെ.രാജഗോപാലൻ നായരും തമ്മിൽ സിജെഎം കോടതിയിൽ നടന്നത് അസാധാരണ വാക് പോര്. 

സർക്കാർ വാദം പുറത്തുനിന്നുള്ള അഭിഭാഷകനല്ല പറയേണ്ടതെന്ന ബീനാ സതീഷിൻ്റെ വാദം കോടതിയും അംഗീകരിച്ചു. ഇതോടെ പ്രതികാര നടപടിയെന്നോണം ബീനയെ സർക്കാർ സ്ഥലം മാറ്റി. ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി കേസ് പു​രോ​ഗമിക്കുന്നതിനിടെ സ‍ർവ്വീസിൽ നിന്നും വിരമിച്ച ബീനക്ക് തൻ്റെ വാദം പരമോന്ന കോടതി അംഗീകരിച്ചതിൻ്റെ സന്തോഷമാണിപ്പോൾ. 

തുടക്കം മുതൽ ഈ കേസിൽ അതിരൂക്ഷ വിമ‍ർശനമാണ് സിജെഎം കോടതി സ‍ർക്കാരിനെതിരെ നടത്തിയത്. മാസങ്ങൾക്ക് ശേഷം അതേ കോടതിയിലേക്ക് വീണ്ടും കേസെത്തുകയാണ്. സുപ്രീം കോടതിയുടെ നിശിത വിമർശനം ഉയർന്ന സാഹചര്യത്തിൽ സിജെഎം കോടതിയിലെ നടപടികൾ മന്ത്രി വി.ശിവൻകുട്ടിയുടെ ഭാവി നിശ്ചയിക്കും. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios