തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുമായി മുന്നോട്ട് പോകാൻ കെഎസ്ഇബി അനുമതി നൽകി സംസ്ഥാന സർക്കാർ. പുതിയ എൻഒസിയിൽ വീണ്ടും പാരിസ്ഥിതിക അനുമതിക്കായ കെഎസ്ഇബിക്ക് കേന്ദ്രത്തെ സമീപിക്കാം. ഈ നീക്കത്തിന് ആയുസില്ലെന്നും ഇടതുനയമേ എൽഡിഎഫിൽ പിന്തുടരാൻ കഴിയുവെന്നും സിപിഐ വിമർശിച്ചു.

"ഇടത് മുന്നണി നയം അതല്ല" ബിനോയ് വിശ്വം പറയുന്നത്: 

തീരുമാനത്തിനെതിരെ പ്രതിപക്ഷവും രംഗത്തെത്തി. ആതിരപ്പള്ളി പദ്ധതി ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കില്ലെന്നും സർക്കാർ തീരുമാനം പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇത് ജനവഞ്ചന ആണെന്നും ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി. പദ്ധതി ഉപേക്ഷിച്ചെന്ന് മന്ത്രി സഭയിൽ പറഞ്ഞതാണെന്നും എൻഒസി ഉടൻ പിൻവലിക്കണമെന്നുമാണ് പ്രതിപക്ഷം പറയുന്നത്. കൊവിഡിന്റെ മറവിൽ എന്ത് തോന്നിയവാസവും കാണിക്കാമെന്നാണ് സർക്കാർ നിലപാടെന്നും ചെന്നിത്തല പറഞ്ഞു. 

അതിരപ്പള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാനുള്ള നീക്കം എൽ.ഡി.എഫ് നയത്തിനെതിരാണെന്ന് സിപിഐ യുവജന സംഘടനയായ എഐവൈഎഫും നിലപാടെടുത്തിട്ടുണ്ട്. പദ്ധതിയെ സംബന്ധിച്ച് നിരവധി പഠനങ്ങൾ നടക്കുകയും ആ പദ്ധതി പരിസ്ഥിതിക്ക് എതിരാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടുകയും ചെയ്തിട്ടുള്ളതാണെന്നുർ. അതിരപ്പള്ളിയുടെ സമ്പന്നമായ ജൈവവൈവിധ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും തകർക്കുന്ന പദ്ധതിയാണിത്.ഈ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എഐവൈഎഫ് നിലപാടെടുത്തു. 

ചാലക്കുടിപ്പുഴക്ക് കുറുകെ 163 മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തിനായുള്ള പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. യാതാർത്ഥ്യമാകുകയാണെങ്കിൽ സംസ്ഥാനത്തെ ഏറ്റവും വലിയ അഞ്ചാമത്തെ പദ്ധതിയായിരികക്കും ഇത്. 2018 മാർച്ച് 19ന് എൽഡിഎഫ് സർക്കാർ പദ്ധതി ഉപേക്ഷിച്ചതായിരുന്നു. കേന്ദ്ര വനംപരിസ്ഥിതി വകുപ്പിന്‍റെ അനുമതി രണ്ട് തവണ ലഭിച്ചെങ്കിലും പദ്ധതി നടപ്പാക്കിയില്ല.2017ജൂലൈ 18ന് പാരിസ്ഥിതിക അനുമതി അവസാനിച്ചു.  

പാരിസ്ഥിതിക അനുമതിക്കായി സംസ്ഥാന സർക്കാർ എൻഒസി നൽകിയത് ജൂണ്‍ 4നാണ്. സാങ്കേതിക സാമ്പത്തിക അനുമതിക്കും പുതിയ എൻഒസിയിൽ അപേക്ഷ നൽകാം. 180ഹെക്ടർ വനഭൂമി പദ്ധതി വന്നാൽ ഇല്ലാതാകുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. ആദിവാസി വിഭാഗങ്ങളും പദ്ധതിക്കെതിരെ രംഗത്തുണ്ട്.