തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വീണ്ടും അക്രമം. കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിലാണ് ആക്രമണമുണ്ടായത്. അധ്യാപകരുടെ വാഹനങ്ങളിലും തകരാറ് വരുത്തി.സംഭവത്തിന് പിന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെന്നാണ് ആരോപണം. അച്ചടക്ക സമിതി റിപ്പോർട്ടിനെ തുടർന്നായിരുന്ന ആക്രമണം. ഗേറ്റ് പൂട്ടി പ്രതിഷേധിച്ചെതിനെതിരെ കോളേജ് അച്ചടക്ക സമിതി എസ്എഫ്ഐക്കെതിരെ റിപ്പോർട്ട് നൽകിയതാണ് പ്രകോപനം. ഇതേ തുടർന്ന് അച്ചടക്ക സമിതിയിലെ അംഗങ്ങളായ സ്റ്റാറ്റിറ്റിക്സ് തലവൻ സോമശേഖരൻ നായർ, മാത്‍സ് ഡിപ്പാർട്ട്മെന്റ് തലവൻ ബാബു എന്നിവരുടെ വാഹനം തകർത്തു.

വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ച  യൂണിവേഴ്സിറ്റി കോളേജ് നാളെ തുറക്കാനിരിക്കെയാണ് വീണ്ടും ആക്രമണങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ ദിവസങ്ങളില്‍ കോളേജിലും ഹോസ്റ്റലിലും നടന്ന സംഘര്‍ഷഭരിതമായ സാഹചര്യം കണക്കിലെടുത്താണ് യൂണിവേഴ്സിറ്റി കോളേജിന് അവധി നല്‍കിയിരുന്നത്.  കോളേജ് തുറന്നതിന് ശേഷം വിദ്യാര്‍ത്ഥി സംഘടനകളുമായി പ്രശ്നങ്ങള്‍ സംബന്ധിച്ച ചര്‍ച്ച നടത്താമെന്ന തീരുമാനത്തിലായിരുന്നു പ്രിന്‍സിപ്പല്‍. ഈ പശ്ചാത്തലത്തിലാണ് വീണ്ടും ആക്രമണം അരങ്ങേറിയത്. 

ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം വീണ്ടും യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷഭരിതമാകുകയായിരുന്നു. ഹോസ്റ്റലിൽ വച്ച് കെഎസ്‍യു പ്രവർത്തകർക്ക് നേരെ എസ്എഫ്ഐ നേതാവായിരുന്ന 'ഏട്ടപ്പൻ' എന്ന് വിളിക്കപ്പെടുന്ന മഹേഷ് കൊലവിളി മുഴക്കിയതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കോളേജില്‍ വീണ്ടും പ്രശ്നങ്ങള്‍ വഷളാക്കിയത്.