Asianet News MalayalamAsianet News Malayalam

അട്ടപ്പാടി മധു കൊലക്കേസ്: കോടതിയെ തെറ്റിദ്ധരിപ്പിച്ചില്ലെന്ന് ഇരുപത്തിയൊമ്പതാം സാക്ഷി

കോടതിയിൽ ആദ്യ ദിവസം ദൃശ്യങ്ങൾ കാണിച്ചപ്പോൾ വ്യക്തമായില്ല. അതുകൊണ്ടാണ് ഒന്നും കാണുന്നില്ലെന്ന് പറഞ്ഞതെന്നും സുനിൽകുമാർ

Attappadi Madhu case, did not mislead the court says witness Sunil Kumar
Author
First Published Sep 26, 2022, 4:53 PM IST

പാലക്കാട്: അട്ടപ്പാടി മധു കേസിൽ വിചാരണയ്ക്കിടെ കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് ഇരുപത്തിയൊമ്പതാം സാക്ഷി  സാക്ഷി സുനിൽ കുമാർ. കോടതിയിൽ ആദ്യ ദിവസം ദൃശ്യങ്ങൾ കാണിച്ചപ്പോൾ വ്യക്തമായില്ല. അതുകൊണ്ടാണ് ഒന്നും കാണുന്നില്ലെന്ന് പറഞ്ഞതെന്നും സുനിൽകുമാർ മണ്ണാർക്കാട് എസ്‍സി എസ്‍ടി കോടതിയിൽ പറഞ്ഞു. കോടതി നിർദേശപ്രകാരം, കാഴ്ചശക്തി പരിശോധിച്ചപ്പോൾ പാലിക്കേണ്ട മാനദണ്ഡം ഒന്നും പാലിച്ചില്ല. ഈ സാഹചര്യത്തിൽ ഡോക്ടറെ വിസ്തരിക്കാൻ അവസരം നൽകണമെന്നും സുനിൽകുമാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. കോടതിയിൽ കാണിച്ച ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്നും സുനിൽ കുമാർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഈ മാസം 29ന് കോടതി വിധി പറയും. 

മധുവിനെ പിടിച്ചുകൊണ്ടുവരുന്ന ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചപ്പോൾ ഒന്നും കാണുന്നില്ലെന്ന് സുനിൽ കുമാർ പറഞ്ഞിരുന്നു. തുടർന്ന് കോടതി, സാക്ഷിയുടെ കാഴ്ച ശക്തി പരിശോധിക്കാൻ നിർദേശിച്ചിരുന്നു. സുനിലിന്റെ കാഴ്ച ശക്തിക്ക് ഒരു കുഴപ്പവുമില്ലെന്നായിരുന്നു പരിശോധിച്ച ഡോക്ടർ വ്യക്തമാക്കിയത്. സുനിൽകുമാർ പറഞ്ഞത് കള്ളമാണെന്ന് കണ്ടെത്തിയാൽ കോടതി നടപടി നേരിടേണ്ടി വരും. കൂറുമാറ്റത്തെ തുടർന്ന് സുനിൽകുമാറിനെ നേരത്തെ സൈലന്റ്‍വാലി ഫോറസ്റ്റ് ഡിവിഷനിലെ താൽക്കാലിക വാച്ചർ പദവിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു. 

വിചാരണ നടപടികൾ ചിത്രീകരിക്കണമെന്ന മധുവിന്റെ അമ്മയുടെ ഹർജിയിലും 29ന് കോടതി വിധി പറയും. പ്രതിഭാഗം വിചാരണ നടപടികൾ അനാവശ്യമായി തടസ്സപ്പെടുത്തുന്നുവെന്നും ഈ സാഹചര്യത്തിൽ വിചാരണ പൂർണമായും വീഡിയോയിൽ ചിത്രീകരിക്കണമെന്നുമാണ് മധുവിന്റെ അമ്മ മല്ലിയുടെ ആവശ്യം. വിചാരണയ്ക്കിടെ കൂറുമാറിയ മുപ്പത്തിയാറാം സാക്ഷി ലത്തീഫ് ഉള്ള വീഡിയോ ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിലും കോടതി 29ന് വിധി പറയും. വിചാരണയ്ക്കിടെ കോടതിയിൽ കാണിച്ച ദൃശ്യങ്ങളിൽ ഉള്ളത് താനല്ലെന്ന് ലത്തീഫ് പറഞ്ഞിരുന്നു. ഇതോടെ ദൃശ്യങ്ങളും പാസ്പോർട്ടിലെ ഫോട്ടോയും ഫോറൻസിക് പരിശോധനയ്ക്ക് അയക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. അതേസമയം മധു കൊലക്കേസിൽ ഇന്ന് വിസ്തരിച്ച 5 സാക്ഷികളും പ്രോസിക്യൂഷന് അനുകൂല മൊഴി നൽകി. 69 മുതൽ 73 വരെയുള്ള സാക്ഷികളാണ് മൊഴിയിൽ ഉറച്ചു നിന്നത്. റവന്യൂ ഉദ്യോഗസ്ഥരായിരുന്നു ഇവരെല്ലാവരും. 122 സാക്ഷികളുള്ള കേസിൽ 25 പേരാണ് ഇതുവരെ കൂറുമാറിയത്. 
 

Follow Us:
Download App:
  • android
  • ios