Asianet News MalayalamAsianet News Malayalam

നല്ല ചികിത്സയ്ക്ക് ചുരമിറങ്ങണം, കമ്യൂണിറ്റി കിച്ചണ്‍ പേരിന് മാത്രം; അട്ടപ്പാടിയിലെ ഗര്‍ഭിണികളുടേത് ദയനീയ അവസ്ഥ

നവജാത ശിശുവിദ​ഗ്ധന്‍ ഇല്ലാത്തതും അനുബന്ധ സൗകര്യങ്ങളുടെ കുറവുമാണ് രോഗികളെ ഇത്തരത്തില്‍ മറ്റാശുപത്രികളിലേക്ക് പറഞ്ഞയക്കാന്‍ കാരണമെന്ന് ആശുപത്രിയുടെ പ്രധാന ചുമതലക്കാരനായ ഡോ. പ്രഭുദാസ് വെളിപ്പെടുത്തി.

Attappadi pregnant tribal women facing troubles
Author
Attappadi, First Published Nov 29, 2021, 10:38 AM IST

പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ സംബന്ധിച്ച വിവാദം ആളിക്കത്തുമ്പോഴും ഇവിടെ നിന്നുളള ഗര്‍ഭിണികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ തേടി ചുരമിറങ്ങേണ്ട സ്ഥിതിക്ക് തെല്ലും മാറ്റമില്ല. പുതൂര്‍ പഞ്ചായത്തില്‍ നിന്നുളള ലക്ഷ്മി എന്ന എട്ട് മാസം തികഞ്ഞ യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്ന നടപടികള്‍ക്ക് ഏഷ്യാനെറ്റ് ന്യൂസും സാക്ഷികളായി. നവജാത ശിശുവിദ​ഗ്ധന്‍ ഇല്ലാത്തതും അനുബന്ധ സൗകര്യങ്ങളുടെ കുറവുമാണ് രോഗികളെ ഇത്തരത്തില്‍ മറ്റാശുപത്രികളിലേക്ക് പറഞ്ഞയക്കാന്‍ കാരണമെന്ന് ആശുപത്രിയുടെ പ്രധാന ചുമതലക്കാരനായ ഡോ. പ്രഭുദാസ് വെളിപ്പെടുത്തി. കമ്യൂണിറ്റി കിച്ചണ്‍ പദ്ധതി പേരിന് മാത്രമായത് ഗര്‍ഭിണികളില്‍ പോഷകാഹാരക്കുറവ് സൃഷ്ടിക്കുന്നുവെന്നും ലക്ഷ്മിയുടെ അനുഭവം വ്യക്തമാക്കുന്നു.

അട്ടപ്പാടിയിലെ 32000 ലേറെ വരുന്ന ആദിവാസികളുടെ ആരോഗ്യപരിപാലനം എന്ന ഒറ്റ ലക്ഷ്യത്തെ മുന്‍നിര്‍ത്തി തുടങ്ങിയതാണ് കോട്ടത്തറ ട്രൈബര്‍ സ്പെഷ്യാലിറ്റി ആശുപത്രി. അട്ടപ്പാടിയിലെ ശിശുമരണമെന്ന നാണക്കേട് മായ്ക്കാന്‍ കോടികള്‍ ചെലവിട്ട് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന ആശുപത്രിയില്‍ നിന്ന് എന്തിനാണ് പൂര്‍ണ ഗര്‍ഭാവസ്ഥയിലുളള സ്ത്രീകളെ 40 കിലോമീറ്റര്‍ അകലെയുളള മണ്ണാര്‍കാടേക്കും 100 കിലോമീറ്ററിലേറെ അകലെയുളള തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് പറഞ്ഞയക്കുന്നത് എന്നാണ് ഉയരുന്ന ചേദ്യം. പുതൂര്‍ പഞ്ചായത്തിലെ ഉള്‍ഗ്രാമത്തില്‍ നിന്നുളള കുറുമ്പ വിഭാഗത്തില്‍ പെട്ട ലക്ഷ്മിയെന്ന യുവതിയുടെ അനുഭവമാണ് ഈ ചോദ്യത്തിന് ഉത്തരം.

അതായത് എട്ട് മാസം തികഞ്ഞ ലക്ഷ്മിയുടെ തൂക്കം 45 കിലോഗ്രാം മാത്രമാണ്. ഗര്‍ഭാവസ്ഥയില്‍ മതിയായ പോഷകാഹാരം കിട്ടാത്തതാണ് മെച്ചപ്പെട്ട ചികിത്സയ്ക്കായി ഇവരെ തൃശൂരിലേക്ക് പറഞ്ഞയക്കാന്‍ കാരണമെന്ന് ഡോക്ടര്‍ തന്നെ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. അമ്മമാരുടെ ആരോഗ്യക്കുറവാണ് അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പ്രധാന കാരണമെന്ന് ഇത്തരം അനുഭവങ്ങള്‍ വ്യക്തമാക്കുമ്പോഴും കമ്യൂണിറ്റി കിച്ചണ്‍ അടക്കമുളള പദ്ധതികള്‍ സംബന്ധിച്ച അവകാശ വാദങ്ങള്‍ക്ക് കുറവില്ല. കോടികള്‍ ചെലവിട്ട് നിര്‍മിച്ച കോട്ടത്തറ ആശപത്രിയാകട്ടെ അട്ടപ്പാടിയിലെ അമ്മമാരുടെ താല്‍ക്കാലിക പരിചരണ കേന്ദ്രം മാത്രമായി മാറുകയും ചെയ്യുന്നു.

Follow Us:
Download App:
  • android
  • ios