പാര്‍ലമെന്‍റിൽ ബഹളം
ദില്ലി: മഹാരാഷ്ട്ര പ്രശനത്തിൽ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും സ്തംഭിച്ചു. പാര്‍ലമെന്‍റിന്‍റെ നടുത്തളത്തിൽ ഇറങ്ങി കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചു. ജനാധിപത്യം കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് എഴുതിയ ബാനര്‍ ലോക്സഭയിൽ ഉയര്‍ത്തിയതിന് ഹൈബി ഈഡനെയും ടിഎൻ പ്രതാപനേയും ഒരു ദിവസത്തേക്ക് സഭാ നടപടികളിൽ നിന്ന് സ്പീക്കര്‍ മാറ്റി നിര്‍ത്തി.
അതിനിടെ നടുത്തളത്തിൽ ഇറങ്ങി ബാനറും പ്ലക്കാഡുമായി പ്രതിഷേധിച്ച സഭാ അംഗങ്ങളെ പിന്തിരിപ്പിക്കാൻ മാര്‍ഷൽമാരെ നിയോഗിച്ചത് സംഘര്‍ഷത്തിനിടയാക്കി. കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച് രമ്യ ഹരിദാസ് സ്പീക്കര്‍ക്ക് പരാതി നൽകിയിട്ടുണ്ട്.
സമാധാനപരമായാണ് പ്രതിഷേധം രേഖപ്പെടുത്തിയത് എന്ന് രമ്യ ഹരിദാസ് പറഞ്ഞു. പ്ലക്കാഡുകളും ബാനറുകളും അനുവദിക്കാനാകില്ലെന്ന് പറഞ്ഞ സ്പീക്കര്‍ അത് പിടിച്ച് വാങ്ങാൻ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കുകയാണ് ചെയ്തത്. വനിതാ എംപിമാരാണെന്ന പരിഗണന പോലും കിട്ടിയില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു.
രമ്യ ഹരിദാസും എസ് ജ്യോതി മണിയും പാര്‍ലമെന്‍റിന് മുന്നിൽ

സംഘര്‍ഷത്തിൽ ടിഎൻ പ്രതാപനും ഹൈബി ഈഡനും പരിക്കേറ്റിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള എംപി ജ്യോതി മണിക്കും പരിക്കേറ്റിട്ടുണ്ട്. വലിയ പ്രതിഷേധത്തിലേക്ക് സഭാ നടപടികൾ നീങ്ങുകയും പ്രതിഷേധക്കാരെ പിടിച്ച് പുറത്താക്കാൻ സ്പീക്കര്‍ നിര്‍ദ്ദേശം നൽകുകയും ചെയ്തതോടെ പ്രതിഷേധിച്ച എംപിമാരെ പുറത്തേക്ക് തള്ളിക്കൊണ്ടു പോകുന്ന വിധം അസാധാരണ നടപടികളും ലോക്സഭയിൽ ഉണ്ടായി.
"
ജനാധിപത്യത്തെ ബിജെപി കശാപ്പ് ചെയ്യുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. പാര്‍ലമെന്‍റിന് അകത്തും പുറത്തും പ്രക്ഷോഭം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് കോൺഗ്രസ് . ഹൈബി ഈഡനും ടിഎൻ പ്രതാപനും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
