തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ രണ്ടരവയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.   ഹൈഡ്രോളിക്ക് സംവിധാനം ഉപയോഗിച്ച് കുട്ടിയെ രക്ഷിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതും പരാജയപ്പെട്ടാല്‍ സമാന്തരമായി വഴി തുരന്ന് ദുരന്തനിവാരണ സേന ഉദ്യോഗസ്ഥനെ അയച്ച് കുട്ടിയെ പുറത്തെടുക്കാനാണ് തീരുമാനം.

കുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള കാത്തിരിപ്പ് 24 മണിക്കൂര്‍ പിന്നിട്ടു.600 അടി ആഴമുള്ള കുഴല്‍ കിണറില്‍ 68 അടി താഴ്ചയിലാണ് രണ്ടരവയസ്സുകാരന്‍ സുജിത്ത്. ഹൈഡ്രോളിക്ക് സംവിധാനത്തിലൂടെ കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമം അഞ്ച് മണിക്കൂറിലേറെയായി തുടരുന്നു. ഇതും വിജയിച്ചില്ലെങ്കില്‍ സമാന്തരമായി ഒരാള്‍ക്ക് കടന്ന് പോകാവുന്ന വഴി കുഴല്‍ കിണറിന് സമീപം നിര്‍മ്മിക്കും. ഈ തുരങ്കത്തിലൂടെ ദുരന്ത നിവാരണ സേനാ ഉദ്യോഗസ്ഥനെ കുടുങ്ങിയിരിക്കുന്ന ഇടത്തേക്ക് അയച്ച് കുട്ടിയെ എടുത്തുകൊണ്ട് വരും. 

മണ്ണിടിച്ചില്‍ ഭീഷണി ഈ സമയത്ത് ഏറെയെങ്കിലും മറ്റു വഴികള്‍ മുന്നില്‍ ഇപ്പോള്‍ ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ട്യൂബ് വഴി കുട്ടിക്ക് ഓക്സിജന്‍ എത്തിക്കുന്നുണ്ട്. ആദ്യ സമയത്ത് കുട്ടി പ്രതികരിച്ചിരുന്നെങ്കിലും പുലര്‍ച്ചെ അഞ്ച് മണി മുതല്‍ പ്രതികരണമില്ല. കുട്ടി തളര്‍ന്നു പോയതും കാരണമാകാമെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു.

വിദഗ്ധരായ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളമെഡിക്കല്‍ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. ഇന്നലെ വൈകിട്ട് വീടിന് സമീപത്ത് കളിക്കുന്നതിനിടെയാണ് രണ്ടരവയസ്സുകാരന്‍ കുഴല്‍കിണറിലേക്ക് വീണത്.26 അടി താഴ്ചയിലാണ് ആദ്യം കുടുങ്ങിയത്. സമാന്തരമായി കിണര്‍ കുഴിച്ച് പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം ഇരട്ടിയാക്കി കുഞ്ഞ് കൂടുതല്‍ താഴ്ചയിലേക്ക് വീണത്.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോള്‍ തമിഴ്നാട്ടിലും സമൂഹമാധ്യങ്ങളിലും സുജത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ലക്ഷങ്ങള്‍. ഉപയോഗശൂന്യമായ കുഴല്‍ കിണറുകളില്‍ കുഞ്ഞുങ്ങള്‍ വീണുണ്ടാവുന്ന അപകടങ്ങള്‍ തുടരുന്നതിലും കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കൃത്യമായ സംവിധാനങ്ങള്‍ ഇനിയും കണ്ടെത്താന്‍ സാധിക്കാത്തതിലും കനത്ത വിമര്‍ഷനും രോഷവുമാണ് ആളുകള്‍ പങ്കുവയ്ക്കുന്നത്.