Asianet News MalayalamAsianet News Malayalam

മത്സ്യത്തൊഴിലാളിയുടെ മീൻ വലിച്ചെറിഞ്ഞ ആറ്റിങ്ങൽ നഗരസഭാ ജീവനക്കാർക്ക് സസ്പെൻഷൻ

കൊല്ലം അഞ്ചുതെങ്ങ് സ്വദേശിനി അൽഫോൻസ പതിറ്റാണ്ടുകളായി ആറ്റിങ്ങൽ അവനവൻചേരി കവലയിലാണ് മത്സ്യം വിറ്റിരുന്നത്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി ഇവരുടെ മത്സ്യവിൽപന അവിടെ നിന്നും മാറ്റാനുള്ള ന​ഗരസഭാ ജീവനക്കാരുടെ ശ്രമമാണ് കൈവിട്ട കളിയിലേക്ക് നീങ്ങിയത്

Attingal municipality suspended staffs who misbehaved with fisherwomen
Author
Attingal, First Published Aug 19, 2021, 4:15 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: ആറ്റിങ്ങലിൽ വഴിയോരത്ത് മത്സ്യക്കച്ചവടം ചെയ്യുകയായിരുന്ന സ്ത്രീയുടെ മത്സ്യങ്ങൾ റോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ നഗസഭാ ജീവനക്കാർക്കെതിരെ നടപടി. മീൻ തട്ടിയെറിഞ്ഞ ആറ്റിങ്ങൽ നഗരസഭയിലെ ജീവനക്കാരെ സസ്പെൻഡ് ചെയ്തു. മുബാറക്ക്, ഷിബു എന്നീ ജീവനെക്കാരെയാണ് നഗരസഭ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വ്യാപക പ്രതിഷേമുണ്ടായതിന് പിന്നാലെയാണ് നഗരസഭയുടെ നടപടി. 

കൊല്ലം അഞ്ചുതെങ്ങ് സ്വദേശിനി അൽഫോൻസ പതിറ്റാണ്ടുകളായി ആറ്റിങ്ങൽ അവനവൻചേരി കവലയിലാണ് മത്സ്യം വിറ്റിരുന്നത്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി ഇവരുടെ മത്സ്യവിൽപന അവിടെ നിന്നും മാറ്റാനുള്ള ന​ഗരസഭാ ജീവനക്കാരുടെ ശ്രമമാണ് കൈവിട്ട കളിയിലേക്ക് നീങ്ങിയത്. അൽഫോൺസ മത്സ്യവിൽപനയ്ക്ക് വേണ്ടി കൊണ്ടു വന്ന മൂന്ന് കൊട്ട മത്സ്യവും ന​ഗരസഭാ ജീവനക്കാ‍ർ റോഡിലേക്ക് വലിച്ചെറിഞ്ഞു. ഇതിൽ പ്രതിഷേധിച്ച് അൽഫോൺസ റോഡിൽ കിടന്ന് പ്രതിഷേധിച്ചു.

സംഭവത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും അതിക്രമം നേരിട്ട മത്സ്യത്തൊഴിലാളി അൽഫോൺസയെ കണ്ട് പിന്തുണ അറിയിച്ചിരുന്നു. ലത്തീൻ സഭയും വിഷയത്തിൽ കർശന പ്രതിഷേധം ഉന്നയിച്ചു. ഇടവകകളിലൂടേയും വലിയ പ്രതിഷേധമുണ്ടായി. എന്നാൽ നഗരസഭാ ജീവനക്കാര്‍ അവരുടെ ജോലിയാണ് ചെയ്തതെന്ന നിലപാടാണ് ആറ്റിങ്ങൽ നഗരസഭാ അധ്യക്ഷ സ്വീകരിച്ചത്.

കൈയ്യേറ്റം നടത്തിയ ജീവനക്കാരെ പിന്തുണയ്ക്കുന്ന നിലപാടാണ്  ന​ഗരസഭ ആദ്യം സ്വീകരിച്ചിരുന്നത്. കച്ചവടം നടത്തിയവര്‍ക്ക് പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും..അതിന് ശേഷമാണ് മീൻ പിടിച്ചെടുത്തതെന്നും വാഹനത്തില്‍ കയറ്റുന്പോള്‍ മീൻ റോഡില്‍ വീണതാണെന്നും നഗരസഭാ അധ്യക്ഷ അവകാശപ്പെട്ടിരന്നു. മീൻ മാറ്റിയ ശേഷം ജീവനക്കാരെ പിടിച്ച് വലിച്ച അല്‍ഫോണ്‍സ റോഡില്‍ കിടന്നുരുളുകയായിരുന്നെന്നായിരുന്നു നഗരസഭയുടെ വിശദീകരണം

എന്നാൽ സംഭവം വൻവിവാദമായതോടെ ജീവനക്കാര്‍ക്ക് വീഴ്ച ഉണ്ടായോ എന്നറിയാൻ രണ്ടംഗ സമിതിക്ക് നഗരസഭ രൂപം നല്‍കി. ഈ സമിതി ജീവനക്കാരോട് വിശീദകരണം തേടുകയും ചെയ്തു. ഇതിന് ശേഷമാണ് നടപടിക്ക് ശുപാ‍ർശ ചെയ്തത്. കേണുപറഞ്ഞിട്ടും നഗരസഭാ ജീവനക്കാർ തന്റെ മീൻക്കൊട്ട തട്ടിക്കളഞ്ഞെന്ന ആരോപണത്തില്‍ അല്‍ഫോണ്‍സ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്. ഓർമ്മവച്ച കാലം മുതൽ താൻ മീൻവിറ്റിരുന്നത് അവനവൻചേരി കവലയിലാണെന്നും ഇനിയും അവിടെ തന്നെ മീൻ വിൽക്കുമെന്നും അൽഫോൺസ പറയുന്നു. 

കൊല്ലം അഞ്ചുതെങ്ങ് സ്വദേശിനി അൽഫോൻസയുടെ മീൻ കച്ചവടം തടഞ്ഞ് അവരെ കയ്യേറ്റം ചെയ്ത   നഗരസഭാ ഉദ്യോഗസ്ഥർക്കെതിരെ മാതൃകപരമായ നടപടി വേണമെന്ന് കേരള റീജിയൺ ലാറ്റിൻ കാത്തലിക് കൗൺസിൽ അധ്യക്ഷൻ  ബിഷപ് ജോസഫ് കരിയിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സമാനമായ അതിക്രമങ്ങൾ ചില പൊലീസുകാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടെന്നും ഇവർക്കെതിരേയും നടപടി വേണമെന്നും ബിഷപ് പറഞ്ഞിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios