തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഹാർബറുകളിലും ലാന്റിങ് സെൻറുകളിലും നിലവിലുള്ള മത്സ്യ ലേലത്തിന് നിരോധനം. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയാണ് ഇക്കാര്യം പറഞ്ഞത്. കൊവിഡ് 19 രോഗ ബാധയുടെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിന് പകരം സംവിധാനം ഏർപ്പെടുത്തി.   

നാളെ ഹാർബറുകളിൽ എത്തുന്ന മത്സ്യം, തീരുമാനിക്കപ്പെടുന്ന അടിസ്ഥാന വിലയിലാകും വിപണനം നടത്തുക.  കഴിഞ്ഞ ദിവസങ്ങളിൽ  ഹാർബറുകളിൽ  മത്സ്യത്തിന് ലഭിച്ച കുറഞ്ഞ വിലയുടേയും  കൂടിയ വിലയുടേയും ശരാശരി കണക്കാക്കിയാകും അടിസ്ഥാനവില നിശ്ചയിക്കുന്നത്. 

ഓരോ ഇനം മത്സ്യങ്ങളുടേയും അടിസ്ഥാന വില ഹാർബറുകളിൽ പരസ്യപ്പെടുത്തും. അടിസ്ഥാന വില, അനുബന്ധ തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, തുടങ്ങിയവ കലക്ടർ ചെയർമാനായ ഹാർബർ മാനേജ്മെൻറ് കമ്മിറ്റി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.