മിൽമയിൽ പാലെത്തിച്ചതിൽ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്; അമിതനിരക്കില്‍ കരാര്‍; അധികദൂരം സഞ്ചരിച്ചതായും രേഖ
മഹാരാഷ്ട്രയിലെ ഇന്ദാപൂരിൽ നിന്നും പാൽകൊണ്ടുവരാൻ ഓം സായി ലൊജസ്റ്റിക് എന്ന കമ്പനിക്ക് അമിത നിരക്കിൽ കരാർ നൽകിയെന്നാണ് ഓഡിറ്റിലെ കണ്ടെത്തൽ.

തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖല യൂണിയനിലേക്ക് മഹാരാഷ്ട്രയിൽ നിന്നും പാൽ കൊണ്ടുവന്നതിൽ ക്രമക്കേടെന് ഓഡിറ്റ് റിപ്പോർട്ട്. മഹാരാഷ്ട്രയിലെ ഇന്ദാപൂരിൽ നിന്നും പാൽകൊണ്ടുവരാൻ ഓം സായി ലൊജസ്റ്റിക് എന്ന കമ്പനിക്ക് അമിത നിരക്കിൽ കരാർ നൽകിയെന്നാണ് ഓഡിറ്റിലെ കണ്ടെത്തൽ. പാൽ കൊണ്ടുവന്ന വാഹനം അധിക ദൂരം സഞ്ചരിച്ചതായും രേഖയുണ്ടാക്കി. നഷ്ടം വന്ന പണം കരാറുകാരിൽ നിന്നും തിരിച്ചു പിടിക്കാനും ഓഡിററ് വിഭാഗം ശുപാർശ ചെയ്തു.
തിരുവനന്തപുരം മുതൽ ആലപ്പുഴ നീളുന്ന തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ്. പാൽക്ഷാമമുണ്ടായപ്പോഴാണ് മാഹരാഷ്ട്രയിലെ സോനായി ഡയറിയിൽ നിന്നും പാൽ വാങ്ങാൻ തീരുമാനമെടുത്തത്. പാലെത്തിക്കാൻ കരാർ നൽകിയത് ഓം സായി ലൊജസ്റ്റിക് എന്ന സ്ഥാപനത്തിനാണ്. ടെണ്ടര്‍ വിളിക്കാതെയാണ് കരാര്‍ നൽകിയത്. ഓഡിറ്റിംഗ് സമയത്ത് ടെണ്ടറോ കരാര്‍ രേഖയോ ഹാജരാക്കിയുമില്ല. മഹാരാഷ്ട്രയിലെ സ്ഥാപനത്തിൽ നിന്നും തിരുവനന്തപുരം ഡയറിയിലേക്ക് ദേശീയപാത-44 വഴി സഞ്ചരിച്ചാൽ ഗൂഗിള്‍ മാപ്പ് പ്രകാരം ദൂരം 1481.
പക്ഷെ 3066 കിലോമീറ്റർ യാത്ര ചെയ്തതായി രേഖയുണ്ടാക്കി കരാറുകാരൻ അധികം തുക വാങ്ങിയെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. കൊല്ലത്തെ ഡയറിയിലേക്ക് മാണ്ഡ്യയിൽ നിന്നും പാലെത്തിക്കാൻ പ്രവീണ്‍ എന്ന കരാറുകാരൻ ഏറ്റെടുത്തത് കിലോ മീറററിന് 52.09 രൂപയ്ക്ക്. മലബാർ മേഖലയിലും പാലത്തിക്കാൻ മറ്റൊരു കരാർ വാഹനത്തിന് നൽകിത് കിലോമീറ്റർ 52.09 രൂപ. പക്ഷെ തിരുവനന്തപുരത്തെ ഡയറിയിലേക്ക് ഓം സായി ലൊജിസ്റ്റിക് എന്ന സ്ഥാപനത്തിന് നൽകിയ കിലോ മീറ്ററിന് 60 രൂപ. അങ്ങനെ അധികമോടിയും, ടെണ്ടറില്ലാതെ ഉയർന്ന തുക നിശ്ചയിച്ചും തിരുവനന്തപുരം മേഖലയ്ക്കുണ്ടായ നഷ്ടം 46,18,920.10 രൂപ. ഈ തുക ഓം സായി ലൊജിസ്റ്റിക്കിൽ നിന്നും ഈടാക്കണമെന്നാണ് ഓഡിറ്റിലെ നിർദ്ദേശം.
കൊല്ലത്തെ പ്ലാന്റിൽ പാലെത്തിച്ച വകയിലും ഓംസായി ലോഡിസ്റ്റിക്സ് നഷ്ടമുണ്ടാക്കി. അധിക നിരക്കും അമിത ഓട്ടവും തന്നെ കാരണം, നഷ്ടം 43 02 648 രൂപ. ഇതും തിരികെ പിടിക്കാനാണ് നിര്‍ദ്ദേശം. അടിയന്തര സാഹതര്യം നേരിടാനെടുത്ത നടപടിയെന്നാണ് മിൽമ മേഖല യൂണിയന്‍റെ വിശദീകരിക്കുന്നത്. ഒരു വര്‍ഷത്തോളം നീളുന്ന അടിയന്തര സാഹചര്യം എന്തായിരുന്നു എന്നാണ് സംശയം. മാത്രമല്ല അഴിമതി ആരോപണത്തെ തുടര്‍ന്ന പുതുക്കി വിളിച്ച ടെണ്ടറിൽ തുക കാര്യമായി കുറഞ്ഞിട്ടുമുണ്ട്. പുതിയ കമ്പനി കിലോമീറ്ററിന് 47 രൂപയ്ക്ക് പാലെത്തിക്കാമെന്നാണ് സമ്മതിച്ചിട്ടുള്ളത്. അഴിമതി തുക ആരാണ് നേടിയെന്ന ചോദ്യവും പ്രസക്തമാണ്. കണ്ടല സർവ്വീസ് സഹകരണ ബാങ്ക് ക്രമക്കേടിൽ പ്രതിയായ ഭാസുരാംഗനാണ് മേഖല യൂണിയൻെറ അഡ്മിനിസ്ട്രേറ്റർ.