കൊച്ചി: എറണാകുളം നായരമ്പലത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചയാളുടെ  വൈറസ് ബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല. നാൽപ്പത്തി മൂന്നുകാരനായ നായരമ്പലം സ്വദേശി പനിയും മറ്റ് രോഗ ലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

രോഗി സന്ദര്‍ശിച്ചതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറടക്കം ആറ് പേർ നിരീക്ഷണത്തിലാണ്. ഇതേത്തുടര്‍ന്ന് നായരമ്പലം പഞ്ചായത്തിലെ 2,15 വാര്‍ഡുകൾ കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ച് അടച്ചിടുകയും ചെയ്തു. ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കി വരികയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 
 
താൻ സമീപകാലത്തൊന്നും ദീർഘദൂര യാത്രകൾ നടത്തിയിട്ടില്ലെന്നാണ് ഇയാൾ നൽകിയ പ്രാഥമിക വിവരമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം ഇയാൾ വിദേശത്തു നിന്നോ മറ്റ് സംസ്ഥാനത്തു നിന്നോ മടങ്ങി വന്നവരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടോ എന്നതടക്കം പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.