കോഴിക്കോട്: എലത്തൂരിൽ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനത്തിനിരയായ ശേഷം ആത്മഹത്യ ശ്രമിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു. ഏലത്തൂര്‍ എസ് കെ ബസാര്‍ രാജേഷാണ് മരിച്ചത്. സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകനായ രാജേഷ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് ചികിത്സയില്‍ കഴിഞ്ഞിരുന്ന രാജേഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് എലത്തൂരില്‍ വച്ച് രാജേഷിനെ സിപിഎം പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം ആക്രമിച്ചത്. പരിക്കേറ്റ രാജേഷ് ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജേഷിനെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാജേഷ് എലത്തൂരിൽ ഓട്ടോറിക്ഷ ഓടിക്കുന്നത് സിഐടിയു അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികൾ വിലക്കിയിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.

കേസില്‍ അറസ്റ്റിലായ രണ്ട് സിപിഎം സിപിഎം പ്രാദേശിക നേതാക്കള്‍ റിമാന്‍ഡിലാണ്.  ശ്രീലേഷ് ,ഷൈജു എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്നത്. കേസില്‍ സിപിഎം, സിഐടിയു പ്രവര്‍ത്തകര്‍ ഉള്‍പ്പടെ മുപ്പതോളം പേര്‍ പ്രതികളാണ്. ഇക്കഴിഞ്ഞ പതിനഞ്ചാം തിയതിയാണ് എലത്തൂരില്‍ വച്ച് ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ രാജേഷിനെ സിപിഎം പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം മര്‍ദ്ദിച്ചത്.