Asianet News MalayalamAsianet News Malayalam

അഞ്ജു ഷാജിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്; കോളേജിനെതിരെ കേസെടുക്കുന്നതില് തീരുമാനം പിന്നീട്

മാനദണ്ഡമനുസരിച്ചാണോ ചേര്‍പ്പുങ്കല്‍ ബിവിഎം കോളേജ് പ്രവര്‍ത്തിച്ചതെന്ന് അറിയാന്‍ പൊലീസ് ഇന്ന്  എംജി സര്‍വകലാശാലയിലെത്തി പരീക്ഷാ കണ്ട്രോളറുടെ വിശദീകരണം തേടും.

autopsy of anju shanji will be today
Author
Kottayam, First Published Jun 9, 2020, 6:51 AM IST

കോട്ടയം: കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ചേർപ്പുങ്കലിൽ മരിച്ച വിദ്യാര്‍ത്ഥി  അഞ്ജു ഷാജിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കും. മാനദണ്ഡമനുസരിച്ചാണോ ചേര്‍പ്പുങ്കല്‍ ബിവിഎം കോളേജ് പ്രവര്‍ത്തിച്ചതെന്ന് അറിയാന്‍ പൊലീസ് ഇന്ന്  എംജി സര്‍വകലാശാലയിലെത്തി പരീക്ഷാ കണ്ട്രോളറുടെ വിശദീകരണം തേടും. തുടര്‍ന്നാകും കോളേജിനെതിരെ കേസെടുക്കണോ എന്ന കാര്യം തീരുമാനിക്കുക. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

പരീക്ഷക്കിടെ കോപ്പിയടിച്ചെന്ന  ആരോപണത്തിന് പിന്നാലെ കാണാതായ കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ജു ഷാജിയുടെ മൃതദേഹം  മീനച്ചിലാറില്‍ നിന്നുമാണ് കണ്ടെത്തിയത്. മകൾക്ക് കോളേജ് അധികൃതരിൽ നിന്നും മാനസികപീഡനം ഉണ്ടായെന്നാണ് അച്ഛന്‍ ഷാജിയുടെ ആരോപണം.

എന്നാല്‍ ആരോപണങ്ങൾ നിഷേധിച്ച ചേർപ്പുങ്കൽ ബിവിഎം  കോളേജ് അഞ്ജു കോപ്പിയടിച്ചതിന്‍റെ തെളിവുകൾ ഉൾപ്പെടെ പുറത്തുവിട്ടു. കാഞ്ഞിരപ്പള്ളിയില്‍ പാരലായി പഠിക്കുന്ന അവസാനവർഷം കൊമേഴ്സ് വിദ്യാർഥിനി അഞ്ജു ഷാജിയുടെ  പരീക്ഷാകേന്ദ്രം ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളേജ് ആയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് പരീക്ഷ എഴുതാനായി അഞ്ചു ചേർപ്പുങ്കലിലെ കോളേജിലെത്തി, പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിദ്യാർഥിനിയെ ക്ലാസിൽ നിന്ന് പുറത്താക്കിയ ശേഷം അധ്യാപകർ മാനസികമായി തളർത്തി എന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം.

പെൺകുട്ടി ചേർപ്പുങ്കൽ പാലത്തിൽ നിന്ന്   മീനച്ചിലാറ്റിലേക്ക് ചാടി എന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും ഫയർ ഫോഴ്സും പൊലീസും പെൺകുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.  ഇന്നലെ കൂടുതൽ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ മീനച്ചിലാറ്റിൽ തിരച്ചിൽ നടത്തിയപ്പോഴാണ് അഞ്ജുവിന്‍റെ മൃതദേഹം കിട്ടിയത്.

Follow Us:
Download App:
  • android
  • ios