തിരുവനന്തപുരം: ഗായികയും അവതാരകയുമായ ജാഗി ജോണിന്‍റെ മരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനം. തലയ്‍ക്കേറ്റ ഗുരുതരപരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. മൃതദേഹം കണ്ടെത്തിയ  വീടും പരിസരവും പൊലീസും ഫൊറൻസിക് സംഘവും വീണ്ടും പരിശോധിച്ചു. സുഹൃത്തുക്കളെയും ആരാധകരെയും ഞെട്ടിച്ച് കൊണ്ടായിരുന്നു ജാഗി ജോണിന്‍റെ അപ്രതീക്ഷിത മരണം. ഇന്നലെ വൈകിട്ട് കുറവൻകോണത്തെ വീട്ടിലെ അടുക്കളയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. 

പോസ്റ്റുമോർട്ടത്തിൽ തലക്ക് പിന്നിലേറ്റ പരിക്കാണ് മരണകാരണമെന്നാണ് നിഗമനം. പിടിച്ച് തള്ളി വീഴുമ്പോഴോ, തെന്നിവീണ് ശക്തമായി നിലത്തടിച്ചാലോ ഉണ്ടാകാവുന്ന പരിക്കെന്നാണ് ഫൊറൻസിക് വിദഗ്‍ദരുടെ നിഗമനം. ജാഗിയും മാനസിക അസ്വാസ്ഥ്യമുള്ള അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്‍റെ ഗേറ്റ് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. 

അമ്മ അറിയിച്ചതുനസരിച്ച് അയൽവാസികള്‍ വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മകള്‍ അടുക്കളയിൽ ഉറങ്ങി കിടക്കുന്നുവെന്നും ഭക്ഷണം ലഭിച്ചില്ലെന്നും അമ്മ പറഞ്ഞുവെന്നാണ് അയൽവാസികളുടെ മൊഴി. മരണം ഇന്നലെ സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ആന്തരികാവയങ്ങളുടെ പരിശോധനാഫലം അടക്കമുള്ള കൂടുതൽ ശാസ്ത്രീയവിവരങ്ങൾ കിട്ടാൻ കാത്തിരിക്കുകയാണ് പൊലീസ്. ടെലിവിഷൻ പരിപാടികളിലും യു ട്യൂബ് കുക്കറി ഷോകളിലുമെല്ലാം തിളങ്ങിനിന്ന ജാഗിക്ക് നിരവധി ആരാധകരുണ്ട്.