ഓട്ടം പോകാൻ തയാറാകാത്തതിന്റെ പേരിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് മർദനം. തടയാൻ ശ്രമിച്ച ആളെ ബിയർ കുപ്പി കൊണ്ട് യുവാക്കൾ കുത്തിപ്പരിക്കേൽപ്പിച്ചു. സംഭവത്തിൽ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് ഓട്ടം പോകാൻ തയാറാകാത്തതിന്റെ പേരിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് മർദനം. തടയാൻ ശ്രമിച്ച ആളെ ബിയർ കുപ്പി കൊണ്ട് യുവാക്കൾ കുത്തിപ്പരിക്കേൽപ്പിച്ചു. സംഭവത്തിൽ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു മണിക്കൂറിലേറെ സമയമാണ് യുവാക്കൾ ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

ഓട്ടോറിക്ഷ ഡ്രൈവർ ഓട്ടം പോകാൻ തയ്യാറാകാതെ വന്നതോടെയാണ് ബാറിൽ യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഒരു മണിക്കൂറിലേറെ സമയം ഇത് നീണ്ടു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഓട്ടം പോകാൻ ആവില്ല എന്ന് പറഞ്ഞതിന്റെ പേരിൽ ഓട്ടോറിക്ഷ ഡ്രൈവർ മോഹനനെയാണ് ആദ്യം മർദിച്ചത്. തടയാൻ വന്നവരെ എല്ലാം ആക്രമിച്ചു. ഒരാളുടെ പല്ല് അടിച്ചു കൊഴിച്ചു. ആക്രമണം കണ്ട് ഇടപ്പെട്ട പുതുക്കാട് തെക്കേതൊറവ് സ്വദേശി ബിജോയെ യുവാക്കൾ ബീയർ കുപ്പികൊണ്ട് കുത്തുകയായിരുന്നു.

വയറ്റിൽ കുത്തേറ്റ ബിജോ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പിന്നാലെ ബാർ കോമ്പൗണ്ടിൽ നിർത്തിയിട്ട ബൈക്കുകൾ മറിച്ചിടുകയും ലൈറ്റുകൾ തകർക്കുകയും ചെയ്തു. ബാറിന് പുറത്തിറങ്ങിയ സംഘം റോഡരികിൽ നിർത്തിയിട്ട പിക്കപ്പുകളുടെ ചില്ലുകൾ കല്ലെറിഞ്ഞ് തകർക്കുകയായിരുന്നു. ഒരു മണിക്കൂറിനു ശേഷം സംഭവം അറിഞ്ഞെത്തിയ പൊലീസ് യുവാക്കളെ കീഴ്പ്പെടുത്തി. കൊടകര സ്വദേശി വിഷ്ണു, വാസുപുരം സ്വദേശി ആയുഷ്, ചാലക്കുടി സ്വദേശി ജോർജ്, കുറ്റിക്കാട് സ്വദേശി അജിത്ത് എന്നിവരാണ് പിടിയിലായത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming