പൊലീസ് സേനയിൽ ചട്ടവിരുദ്ധ നിയമനം നൽകിയ ബോഡി ബിൽഡിംഗ് താരത്തിന് സംസ്ഥാന സർക്കാരിന്റെ യുവപ്രതിഭാ പുരസ്ക്കാരവും.
തിരുവനന്തപുരം: പൊലീസ് സേനയിൽ ചട്ടവിരുദ്ധ നിയമനം നൽകിയ ബോഡി ബിൽഡിംഗ് താരത്തിന് സംസ്ഥാന സർക്കാരിന്റെ യുവപ്രതിഭാ പുരസ്ക്കാരവും. യുവജനക്ഷേമ ബോർഡിൻെറ പുരസ്ക്കാരമാണ് കണ്ണൂർ സ്വദേശിയായ ഷിനു ചൊവ്വയ്ക്ക് നൽകിയത്. ചട്ടവിരുദ്ധ നിയമനം ചോദ്യം ചെയ്ത് ആംഡ് പൊലീസ് ബറ്റാലിയനിലെ ചില ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
സംസ്ഥാന യുവജനക്ഷേമ ബോർഡിൻെറ കായിക പ്രതിഭാ പുരസ്ക്കാരമാണ് ഷിനു ചൊവ്വയ്ക്ക് സമ്മാനിക്കുന്നത്. ബോഡി ബിൽഡിംഗിൻെറ അന്തർദേശീയ മത്സരത്തിൽ വെള്ളിമെഡൽ കരസ്ഥമാക്കിയതിനാണ് പുരസ്ക്കാരം. കണ്ണൂർ കുത്തുപറമ്പ് സ്വദേശിയായ ഷിനുവിന് പൊലീസിൽ ഇൻസ്പെക്ടർ തസ്തികയിൽ ചട്ടവിരുദ്ധനിയമനം നൽകിയത് വിവാദമായിരിക്കെയാണ് സർക്കാരിന്റെ പുരസ്ക്കാരം.
കായികമേഖലയിൽ ദേശീയ- സംസ്ഥാന റിക്കോർഡുകള്‍ തിരുത്തികുറിച്ച താരങ്ങളുള്ളപ്പോഴാണ് ഷിനുവിന് പുരസ്ക്കാരം നൽകിയതെന്നാണ് ആക്ഷേപം. ഒളിമ്പിക്, കോമണ്‍വെൽത്ത്- ദേശീയ ഗെയിംസുകളിൽ പങ്കെടുക്കുന്നവർക്കാണ് കായിക ക്വാട്ടയിൽ പൊലീസിൽ നിയമനം നൽകുന്നത്.
ഒളിമ്പ്യൻ ശ്രീശങ്കറിന് ഇൻസ്പെക്ടർ തസ്തികയിൽ നിയമനം നൽകാനുള്ള ഡിജിപിയുടെ ശുപാർശ തള്ളിയാണ് കായിക മത്സരങ്ങളിലെ ഇനമല്ലാത്ത ശരീരസൗന്ദര്യമത്സരത്തിൽ പങ്കെടുത്ത് ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശനും ഗസ്റ്റഡ് തസ്തിയിൽ നിയമനം നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്. മെയ് മാസത്തിൽ ഒഴിവുവരുന്ന മുറയ്ക്ക് നിയമനം നൽകാനാണ് തീരുമാനം. നിയമനവും പിന്നാലെ പുരസ്ക്കാരവും കിട്ടാൻ കാരണം ഷിനുവിന്റെ ഉന്നതബന്ധങ്ങളാണെന്നാണ് വിവരം

