കൊച്ചി: ശബരിമല ക്ഷേത്രത്തിൽ ഇപ്പോൾ വിശ്വാസികളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ശബരിമല അയ്യപ്പ സേവാസമിതി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കേരള ഹൈക്കോടതി മാറ്റിവച്ചു.

വിശ്വാസികൾക്കായി ക്ഷേത്രം തുറക്കുന്ന കാര്യത്തിൽ ഇന്ന് ദേവസ്വം ബോർഡും സർക്കാരും തന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി പരിഗണിക്കുന്നത് കേരള ഹൈക്കോടതി നാളെത്തേക്ക് മാറ്റിയത്. യോഗത്തിലെ തീരുമാനമറിഞ്ഞ ശേഷം ഹർജി പരിഗണിക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 

തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഇന്നു നടക്കുന്ന ഉന്നതതല യോഗത്തിൽ ബോർഡ് അധ്യക്ഷൻ എൻ.വാസു, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് എന്നിവർ പങ്കെടുക്കും. ശബരിമലയിലെ മുതിർന്ന തന്ത്രിയായ കണ്ഠരര് മോഹനര് ക്ഷേത്രം തുറക്കന്നതിനെ അനുകൂലിച്ചതായാണ് സൂചന. 

വിശ്വാസികൾക്കായി ക്ഷേത്രം തുറക്കുമെന്ന് നേരത്തെ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും അറിയിച്ചിരുന്നുവെങ്കിലും കൊവിഡ് വ്യാപന സാധ്യത മുൻനിർത്തി ഈ ഘട്ടത്തിൽ ക്ഷേത്രത്തിലേക്ക് വിശ്വാസികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് കാണിച്ച് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ദേവസ്വം ബോർഡിന് കത്ത് നൽകിയതോടെയാണ് ഇതേ ചൊല്ലിയുള്ള  വിവാദം ആരംഭിച്ചത്. 

ശബരിമല തന്ത്രിയുടെ അഭിപ്രായം തേടിയ ശേഷമാണ് ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചതും വിർച്വൽ ക്യൂ ബുക്കിംഗ് ആരംഭിക്കാൻ നിർദേശം നൽകിയതുമെന്നാണ് ദേവസ്വം ബോർഡ് അധ്യക്ഷൻ എൻ.വാസു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. പിന്നീട് അദ്ദേഹം നിലപാട് മാറ്റാൻ കാരണമെന്താണെന്ന് അറിയില്ലെന്നും വാസു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.