മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുർഗ്, ചന്ദേര എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് നിരോധനാജ്ഞ. 11-ാം തീയതി വരെ നിരോധനാജ്ഞ തുടരും. അയോധ്യ വിധി ശനിയാഴ്ച വരാനിരിക്കേ, കേരളത്തിലും അതീവ ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

കാസര്‍കോട്: അയോധ്യക്കേസില്‍ ശനിയാഴ്ച വിധി വരുന്ന പശ്ചാത്തലത്തില്‍ കേരളവും കനത്ത ജാഗ്രതയില്‍. മുന്‍കരുതല്‍ എന്ന നിലയില്‍ കാസര്‍കോട് ചില മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് നിരോധനാജ്ഞയുള്ളത്. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുർഗ്, ചന്ദേര എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് നിരോധനാജ്ഞ. 11-ാം തീയതി വരെ നിരോധനാജ്ഞ തുടരും.

Add Asianetnews as a Preferred SourcegooglePreferred

അയോധ്യ വിധി ശനിയാഴ്ച വരാനിരിക്കേ, കേരളത്തിലും അതീവ ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളാ ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി. ഡിജിപിയും ഗവർണറെ കണ്ട് സ്ഥിതിഗതികൾ ധരിപ്പിച്ചു. സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതിയെക്കുറിച്ചും സ്വീകരിച്ചിരിക്കുന്ന മുൻകരുതലുകളെക്കുറിച്ചും ഡിജിപി ഗവര്‍ണറെ അറിയിച്ചു. 

എസ്പിമാർക്ക് ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഡിജിപി എസ്പിമാരുമായി വീഡിയോ കോൺഫറൻസിംഗ് നടത്തി. സംസ്ഥാനത്തും നവ മാധ്യമങ്ങൾ നിരീക്ഷണ വിധേയമായിരിക്കും. കരുതൽ തടങ്കലുകൾക്കും നിർദ്ദേശമുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍റുകളിലും പരിശോധന നടത്തും.

അയോധ്യ കേസില്‍ സുപ്രീംകോടതിയുടെ വിധി എന്താണെങ്കിലും സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ബാബരി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം മാതൃകാപരമായാണ് പ്രതികരിച്ചത്. കേരളത്തിന്റെ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂർവ്വമായുള്ള ആ പ്രതികരണം.

വിധി എന്തായാലും സമാധാനപരമായി അതിനെ സ്വീകരിക്കാൻ എല്ലാ ജനങ്ങളും തയ്യാറാകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് അയോധ്യ കേസില്‍ ശനിയാഴ്ച വിധി പറയുക. അവധിദിനമായിട്ടും അയോധ്യ കേസില്‍ വിധി പറയാന്‍ അഞ്ചംഗ ഭരണഘടനാ ബഞ്ച് തീരുമാനിക്കുകയായിരുന്നു. രാവിലെ പത്തരയ്ക്ക് വിധി പ്രസ്താവം ഉണ്ടാകുമെന്നാണ് വിവരം.