കനത്ത സുരക്ഷയാണ് സുപ്രീം കോടതിയിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോടതിയിലേക്കുള്ള റോഡുകൾ അടച്ചു

ദില്ലി: അയോധ്യ വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തിൽ സുപ്രീംകോടതിയിൽ സുരക്ഷ ശക്തമാക്കി. സുപ്രധാന വിധി വരുന്നതിന് മുന്നോടിയായി എന്തെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്നങ്ങൾക്കുള്ള സാധ്യത പൂര്‍ണ്ണമായും ഒഴിവാക്കാൻ മുൻകരുതൽ നടപടി എന്ന നിലയിൽ കോടതിയിലേക്കുള്ള റോഡുകൾ അടച്ചു.സുപ്രീം കോടതിക്ക് ചുറ്റും കൂടുതൽ അര്‍ദ്ധ സൈനിക വിഭാഗത്തെ വിന്യസിച്ചു

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ദില്ലിയിലെ വസതിക്ക് മുന്നിലും പൊലീസ് സുരക്ഷ കൂട്ടിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അടക്കം ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാരുടെ സുരക്ഷാ സംവിധാനങ്ങൾ കഴിഞ്ഞ ദിവസം തന്നെ കൂട്ടിയിരുന്നു. 

രാജ്യമൊട്ടാകെ കനത്ത സുരക്ഷയാണ് വിധിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിട്ടുള്ളത്. തര്‍ക്ക ഭൂമിയിൽ മാത്രം 5000 സുരക്ഷാ ഭടൻമാരെ നിയോഗിച്ചിട്ടുണ്ട്. തർക്കഭൂമിക്ക് ഒന്നര കിലോമീറ്റർ മുൻപ് മുതൽ ആര്‍ക്കും പ്രവേശനമില്ല. ഇതോടൊപ്പം ആകാശ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. 

Scroll to load tweet…

പ്രശ്ന സാധ്യതകള്‍ മുന്നില്‍ കണ്ട് വേണ്ടി വന്നാൽ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുമെന്നും ഉത്തര്‍പ്രദേശ് ഡിജിപി ഒ പി സിംഗ് വ്യക്തമാക്കി. ജനങ്ങള്‍ ശാന്തരായി ഇരിക്കണമെന്ന മുഖ്യമന്ത്രി ആദിത്യനാഥും ആഹ്വാനം ചെയ്തു. 

ഉത്തര്‍പ്രദേശിലും ജമ്മു കശ്മീരിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിർത്തികളിൽ കർശന പരിശോധനയോടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ബസ് സ്റ്റാൻകുളും റെയിൽവേ സ്റ്റേഷനുകളും നിരീക്ഷണത്തിലാണ്. കനത്ത ജാഗ്രത പാലിക്കാൻ സേനയ്ക്ക് നിർദേശം നൽകി. പ്രശ്നസാധ്യത മേഖലകളിൽ ആവശ്യമെങ്കിൽ ആളുകളെ കരുതൽ തടങ്കലിൽ പാർപ്പിക്കാനും നിർദ്ദേശം ഉണ്ട്. നവ മാധ്യമങ്ങളും നിരീക്ഷണത്തിലാണ്. മതസ്പർധയ്ക്കും സാമുദായിക സംഘർഷങ്ങൾക്കും ഇടയാക്കുന്ന തരത്തിൽ സന്ദേശം തയ്യാറാക്കുന്നവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി നടപടിയെടുക്കും.