കോഴിക്കോട്: അഴീക്കോട് പ്ലസ് ടു കോഴക്കേസിൽ കെ എം ഷാജി എംഎൽഎയെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അടുത്ത മാസം 10ന് ചോദ്യം ചെയ്യും. കോഴിക്കോട് ഇഡി നോർത്ത് സോൺ ഓഫീസിൽ ആയിരിക്കും ചോദ്യം ചെയ്യൽ. 

അഴീക്കോട് സ്കൂളിൽ പ്ലസ്ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ കെ എം ഷാജി എംഎൽഎ ഉൾപ്പെടെ 30 പേർക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്‌ നോട്ടീസ് ഇന്നലെയാണ് നല്‍കിയത്. കോഴ ആരോപണം ആദ്യം ഉയര്‍ത്തിയ മുസ്ലിം ലീഗ് മുന്‍ പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറയില്‍ നിന്ന് ഇഡി ഇന്നലെ മൊഴിയെടുത്തിരുന്നു.

അഴിമതി ആരോപണം ആദ്യം ഉന്നയിച്ച ലീഗ് മുന്‍ പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറയ്ക്കൊപ്പം സ്കൂള്‍ മാനേജ്മെന്‍റ് പ്രതിനിധികള്‍, പിടിഎ ഭാരവാഹികള്‍, സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ സിപിഎം നേതാവ് കുടുവന്‍ പത്മനാഭന്‍ എന്നിവര്‍ക്കും എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയതായാണ് വിവരം. 

പ്ലസ്ടു കോഴ്സ് അനുവദിക്കാനായി കെഎം ഷാജി എംഎൽഎ അഴീക്കോട് സ്കൂൾ മാനേജ്മെന്റിൽ നിന്നും 25 ലക്ഷം കോഴവാങ്ങിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്നാണ് വിജിലൻസ് എഫ്ഐആർ. സ്കൂളിലെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ചതിൽ നിന്നും സാക്ഷിമൊഴികളിൽ നിന്നും ഇക്കാര്യം വ്യക്തമാണെന്നും എഫ്ഐആറിൽ പറയുന്നു. 

എംഎൽഎയ്ക്കെതിരെ വിശദമായ അന്വേഷണം വേണമെന്നും വിജിലൻസ് തലശ്ശേരി കോടതിയിൽ സമർപ്പിച്ച എഫ്ഐആറിലുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമമെന്നും പരാതി രാഷ്ട്രീയ പ്രേരിതമെന്നുമാണ് ആദ്യ ഘട്ടം മുതല്‍ കെ എം ഷാജിയുടെ നിലപാട്.