മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിന് മറുപടിയുമായി എൻഡിഎ സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ. പിണറായിയാണ് ഏറ്റവും വലിയ വിഘടനവാദിയെന്ന് ആരോപിച്ച അദ്ദേഹം, തന്പ‍റെ വിവാദ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായും വ്യക്തമാക്കി. 

തൃശൂർ: അപരമത വിദ്വേഷം പരത്തുന്ന ആൾ എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമർശനത്തിന് മറുപടിയുമായി ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ. വിഘടന വാദത്തെ കുറിച്ച് പറയാൻ മുഖ്യമന്ത്രിക്ക് എന്ത് അവകാശമാണുള്ളതെന്ന് ഗോപാലകൃഷ്ണൻ ചോദിക്കുന്നു. മഅ്ദനിയെ പൊതു വേദിയിലിരുന്ന് ചുംബിച്ച ആളാണ് പറയുന്നത്. പിഡിപിയുടെയും എസ്ഡിപിഐയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും വോട്ട് സമാഹരിക്കാൻ ശ്രമിക്കുന്ന ആൾക്ക് ഇതു പറയാൻ എന്താണ് ധാർമികത? ഇവരുടെയൊക്കെ വോട്ട് വേണ്ട എന്ന് പറയാനുള്ള തന്‍റേടം പിണറായി വിജയന് ഉണ്ടോയെന്നും ഗോപാലകൃഷ്ണൻ ചോദിക്കുന്നു. പിണറായി വിജയനും മാർക്സിസ്റ്റ് പാർട്ടിയും ആണ് ഏറ്റവും വലിയ വിഘടനവാദികളെന്നും ഇവർ ഇപ്പോൾ വാദിയെ പ്രതിയാക്കുകയാണെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു.

ഗോപാലകൃഷ്ണനെതിരായ പരാതി ഇന്ന് ഹൈക്കോടതി പരിഗണിച്ചിരുന്നു. ഹൈക്കോടതി തന്റെ ഭാഗം കേട്ടിട്ടില്ലെന്നും എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും ഗേപാലകൃഷ്ണൻ പ്രതികരിച്ചു. മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്ന ശേഷം കോടതി ഇത് ചോദിക്കുന്നത് മനസ്സിലാക്കാം. താൻ ആ സമയത്ത് സ്ഥാനാർത്ഥി ആയിരുന്നില്ല. വിശദീകരണം വക്കീൽ പറയുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. 'ഹിന്ദു എംഎൽഎ' പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവോ എന്ന ചോദ്യത്തിന് എപ്പോഴും ആവർത്തിച്ചു ചോദിക്കേണ്ട ആവശ്യമില്ലെന്നും താൻ പറഞ്ഞതൊന്നും മാറ്റി പറഞ്ഞിട്ടില്ലെന്നും ഗോപാലകൃഷ്ണൻ മറുപടി നൽകി. താൻ പറഞ്ഞ കാര്യങ്ങൾ കൃത്യമാണ്. രാജ്യത്തിനും സമൂഹത്തിനും ഹാനി ഉണ്ടാക്കുന്നത് ഇടതുപക്ഷവും വലതുപക്ഷവും ആണെന്നും ഗോപാലകൃഷ്ണൻ വിമർശിച്ചു.

ചോദ്യങ്ങളുമായി ഹൈക്കോടതി

ബി ഗോപാലകൃഷ്ണന്‍റെ 'ഹിന്ദു എംഎൽഎ' വിദ്വേഷ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. വിദ്വേഷ പരാമർശത്തിൽ എന്ത് നടപടിയാണ് എടുത്തതെന്ന് ഹൈക്കോടതി ചോദിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കെയുള്ള ഇത്തരം പരാമർശങ്ങളിൽ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നും ആരാഞ്ഞു. മാതൃക പെരുമാറ്റച്ചട്ടം എന്തിനാണ് എന്ന ചോദ്യവും ഹൈക്കോടതി ഉയർത്തി. വിദ്വേഷ പരാമർശത്തിൽ ഇതിനോടകം തന്നെ നടപടികൾ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. വിവാദമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. പരാമർശത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിയമപരമായ തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷൻ കോടതിയിൽ ഉറപ്പുനൽകി. ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശത്തിൽ രണ്ട് മാസത്തിനുള്ളിൽ ഉചിതമായ നടപടിയെടുക്കാൻ കമ്മീഷന് കോടതി നിർദ്ദേശം നൽകി. വോട്ടർമാർക്കിടയിൽ വിദ്വേഷം പടർത്തുന്ന രീതിയിലുള്ള പ്രസംഗങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കാനാണ് കോടതിയുടെ നിർദ്ദേശം. കെ എസ്‌ യു ജില്ലാ പ്രസിഡണ്ട് ഗോകുൽ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി.

ഗുരുവായൂരിൽ 48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വർഷമായി ഇടത്-വലത് മുന്നണികൾ ഒരു ഹിന്ദു എംഎൽഎയെ പോലും നിയമസഭയിലേക്ക് അയച്ചിട്ടില്ലെന്ന ഗോപാലകൃഷ്ണന്‍റെ പരാമർശമാണ് വിവാദമായത്. കൊടുങ്ങല്ലൂരമ്മയുടെ നടയിൽനിന്ന് താൻ ഗുരുവായൂരിലേക്ക് എത്തിയത് ഭഗവാൻ ഗുരുവായൂരപ്പന്റെ വിളി കേട്ടാണെന്നും ഈ വരവ് ഒരു നിയോഗമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 50 വർഷമായി ഗുരുവായൂരപ്പന്റെ മണ്ണ് അമ്പലക്കൊള്ളക്കാരുടെയും അമ്പലവിരോധികളുടെയും വർഗീയ മതരാഷ്ട്ര വാദികളുടെയും തടവറയിലാണ്. ഇത്തരം ശക്തികളെ ആട്ടി ഓടിച്ച് ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയെ മോചിപ്പിക്കാനാണ് തന്നെ ഭഗവാൻ വിളിച്ചിരിക്കുന്നതെന്നും ഈ പോരാട്ടത്തിൽ മണ്ഡലത്തിലെ വോട്ടർമാർ തന്നോടൊപ്പം ഉണ്ടാകണമെന്നുമാണ് ഗോപാലകൃഷ്ണൻ അഭ്യർത്ഥിച്ചത്.