ബംഗളൂരു: കേരളത്തില്‍ വെച്ച് തനിക്കെതിരെ നടന്നത് ആസൂത്രിതമായ പ്രതിഷേധമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ചിലരുടെ ദുഷ്പ്രവൃത്തിക്ക് മുഴുവൻ കേരളീയരെയും പഴിക്കുന്നത് ശരിയല്ല, ഇത്തരം സംഭവങ്ങള്‍ കേരളത്തിന്റെ യശസ്സ് ഇല്ലാതാക്കുന്നതാണെന്നും അങ്ങനെ ചെയ്യരുതെന്നും യെദ്യൂരപ്പ പ്രതികരിച്ചു. അതേസമയം, തുടർച്ചയായുണ്ടായ പ്രതിഷേധങ്ങളെത്തുടർന്ന് യെദ്യൂരപ്പ കേരള സന്ദർശനം വെട്ടിച്ചുരുക്കി. കണ്ണൂരിൽ തങ്ങാനുള്ള തീരുമാനം മാറ്റിയ അദ്ദേഹം ഇന്നുതന്നെ മംഗലാപുരത്തേക്ക് തിരിക്കും. ഇന്ന് കണ്ണൂർ ഗസ്റ്റ് ഹൗസിൽ തങ്ങി നാളെ രാവിലെ മംഗലാപുരത്തേക്ക് തിരിക്കാനിരുന്ന കർണ്ണാടക മുഖ്യമന്ത്രി വൈകിട്ടോടെയാണ് പ്രതിഷേധം കണക്കിലെടുത്ത് തീരുമാനം മാറ്റിയത്. സംസ്ഥാനത്തെത്തിയ കർണ്ണാടക മുഖ്യമന്ത്രിക്ക് നേരെ ഇന്നലെയുണ്ടായതിനേക്കാൾ ശക്തമായ പ്രതിഷേധമാണ് ഇന്നുണ്ടായത്.  

കേരളത്തിലെത്തിയ യെദ്യൂരപ്പയ്ക്ക് നേരെ തിരുവനന്തപുരത്തും കണ്ണൂരിലും എസ്എഫ്ഐ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. കണ്ണൂര്‍ പഴയങ്ങാടിയില്‍ യെദ്യൂരപ്പ സഞ്ചരിച്ച വാഹന വ്യൂഹം തടഞ്ഞ് നിര്‍ത്തിയാണ് കരിങ്കൊടി വീശിയത്. കാറിൽ യെദ്യൂരപ്പയുടെ സീറ്റിന് തൊട്ടടുത്തെത്തിയാണ് പ്രതിഷേധക്കാര്‍ കരിങ്കൊടി വീശിയത്. കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്നും പഴയങ്ങാടി മാടായി ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെയാണ് കണ്ണൂരിലെ പ്രതിഷേധം നടന്നത്. 

യെദ്യൂരപ്പയുടെ വാഹന വ്യൂഹം എത്തുന്നതറിഞ്ഞ് എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ പഴയങ്ങാടി ടൗണിൽ അങ്ങിങ്ങായി തമ്പടിച്ചിരുന്നു. വാഹന വ്യൂഹം കടന്ന് വന്നപ്പോൾ ആദ്യം പ്രതിഷേധവുമായി ചാടി റോഡിലിറങ്ങിയത് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരാണ്. വാഹനത്തിന് മുന്നിൽ ചാടിയവരെ ബലംപ്രയോഗിച്ച് പിടിച്ച് മാറ്റാൻ പൊലീസ് ശ്രമിച്ചു. അതിനിടെ മുപ്പതോളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പാഞ്ഞടുക്കുകയായിരുന്നു. വാഹനത്തിന് പിന്നാലെ ഓടിയെത്തിയ പ്രതിഷേധക്കാര്‍ കാറിൽ യെദ്യൂരപ്പയുടെ  സീറ്റിനടുത്ത് വരെ അടുത്തെത്തി കരിങ്കൊടി വീശി. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലും യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ യെദ്യൂരപ്പക്ക് നേരെ പ്രതിഷേധവുമായി എത്തിയിരുന്നു.