Asianet News MalayalamAsianet News Malayalam

'കണ്ടറിയണം കോശി ഇനി നിനക്കെന്ത് സംഭവിക്കുമെന്ന്'; കോടതില്‍നിന്ന് ജാമ്യം, റോബിന്‍ ബസ് വീണ്ടും നിരത്തിലേക്ക്

നേരത്തെ ഓടിയ പോലെ തന്നെ ബസ് സര്‍വീസ് തുടരുമെന്ന് ഉടമയും നിയമലംഘനം തുടര്‍ന്നാല്‍ പിടിച്ചെടുക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പും വ്യക്തമാക്കിയതോടെ വീണ്ടും റോഡില്‍ തുറന്ന പോരിനുള്ള വഴിയാണ് ഒരുങ്ങിയിരിക്കുന്നത്.

Bail from the court, Robin bus is back on the road
Author
First Published Nov 10, 2023, 9:25 AM IST

പത്തനംതിട്ട: നിയമലംഘനം ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് പിടികൂടി പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന റോബിൻ ബസ് കോടതി ഉത്തരവിലൂടെ ഉടമ പുറത്തിറക്കി. അടുത്തദിവസം മുതൽ പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് വീണ്ടും സർവീസ് തുടങ്ങുമെന്ന് ബസ് ഉടമ ഗിരീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ ടൂറിസ്റ്റ് പെർമിറ്റ് മാത്രമുള്ള ബസ് സ്റ്റേജ് കാര്യേജ് ആയി ഓരോ സ്റ്റോപ്പിലും ആളെ കയറ്റി ഓടാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. നേരത്തെ ഓടിയ പോലെ തന്നെ ബസ് സര്‍വീസ് തുടരുമെന്ന് ഉടമയും നിയമലംഘനം തുടര്‍ന്നാല്‍ പിടിച്ചെടുക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പും വ്യക്തമാക്കിയതോടെ വീണ്ടും റോഡില്‍ തുറന്ന പോരിനുള്ള വഴിയാണ് ഒരുങ്ങിയിരിക്കുന്നത്. നേരത്തെ സംഭവിച്ചതുപോലെ സര്‍വീസ് നടത്തുമ്പോള്‍ തടയാനുള്ള നീക്കം ഉള്‍പ്പെടെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്.


കഴിഞ്ഞമാസമാണ് പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് അന്തർ സംസ്ഥാന സര്‍വീസ് നടത്തുന്നതിനിടെ റോബിന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. യാത്രക്കാരെ ഇറക്കിവിട്ട് ബസ്സ് എ.ആർ. ക്യാമ്പിലേക്ക് കൊണ്ടുപോവുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി ബസ് എആര്‍ ക്യാമ്പിലാണ് ഉണ്ടായിരുന്നത്. കോടതിയില്‍നിന്ന് ബസ് ജാമ്യത്തിലെടുത്ത് ഇന്നലെ രാത്രിയാണ് ഉടമ ഗിരീഷ് ബസ് പുറത്തിറക്കിയത്. കേന്ദ്ര നിയമപ്രകാരം ഇന്ത്യയിലെവിടെയും സർവീസ് നടത്താൻ അനുമതിയുണ്ടെന്നും സുപ്രീംകോടതിയുടെ പരിരക്ഷയുണ്ടെന്നുമാണ് ഗിരീഷ് പറയുന്നത്. നിയമലംഘനത്തിന് പിഴ അടക്കണമെന്ന ഉറച്ച നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്. എന്നാല്‍, തെറ്റ് ചെയ്താല്‍ അല്ലെ പിഴ അടക്കേണ്ടതുള്ളുവെന്നും നിയമപ്രകാരമാണ് ബസ് സര്‍വീസ് നടത്തിയതെന്നും ഗിരീഷ് പറഞ്ഞു.

തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യത്തിലാണ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതിയില്‍നിന്ന് ബസ് ജാമ്യത്തിലെടുത്തു. ഇനി കേസുമായി മുന്നോട്ടുപോകും. പഴയ പോലെ തന്നെ ബസ് സര്‍വീസ് തുടരും. ബസിന്‍റെ ചെറിയ അറ്റകുറ്റപണി തീര്‍ക്കാനുണ്ട്. അതിന് മുന്നു ദിവസം എങ്കിലും എടുക്കും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ സര്‍വീസ് ആരംഭിക്കാനാകും. പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ തന്നെ സര്‍വീസ് നടത്തും. പത്തംതിട്ടയില്‍ിന്ന് മുമ്പത്തെ പോലെ സ്റ്റാന്‍ഡുകളില്‍ കയറി ബോര്‍ഡ് വെച്ച് തന്നെ ആളുകളെ എടുക്കുമെന്നും നിയമപോരാട്ടം തുടരുമെന്നും ഗിരീഷ് പറ‍ഞ്ഞു.


ഒന്നരമാസം മുൻപ് ഇതേ ബസ് എംവിഡി പിടികൂടിയിരുന്നു. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങിയെന്നും  ഉടമ പറയുന്നു. ദീർഘദൂര ബസ്സുകളിലെ വരുമാനത്തിലാണ് കെഎസ്ആർടിസി പ്രധാനമായും പിടിച്ചുനിൽക്കുന്നത്. അതിനാൽ കേന്ദ്ര നിയമം പറഞ്ഞ് സ്വകാര്യ ബസ്സുകൾ  റൂട്ടുകൾ കീഴടക്കിയാൽ  കോർപറേഷന് കൂടുതൽ പ്രതിസന്ധിയാകും. അത് മുൻകൂട്ടി കണ്ടാണ് റോബിൻ ബസ്സിന് എതിരായി നീക്കമെന്നും ആക്ഷേപമുണ്ട്.

ഊട്ടിയിലേക്ക് ടൂർ പോകാനായി കുട്ടികൾ സ്കൂളിലെത്തി, ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്

Follow Us:
Download App:
  • android
  • ios