കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം സംബന്ധിച്ച അന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം സ്വർണകടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ചൊവ്വാഴ്ചയാണ് ഹൈക്കോടതി അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടത്.

വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തുമായി ബാലഭാസ്കറിന്‍റെ മരണത്തിന് ബന്ധമുണ്ടെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതി ക്രൈം ബ്രാഞ്ചിനോട് റിപ്പോർട്ട് തേടിയത്. ബാലഭാസ്കറിന്‍റെ പ്രോഗ്രാം മാനേജർ പ്രകാശ് തമ്പി അടക്കമുള്ളവരാണ് സ്വർണക്കടത്ത് കേസിലെ പ്രതികൾ. 

കേസിലെ കൂട്ടു പ്രതികളായ സുനിൽ കുമാർ, സെറീന ഷാജി, പോൾ ജോസ് തുടങ്ങിയ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി രണ്ട് ദിവസത്തിനകം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ക്രൈം ബ്രാഞ്ചിന് നി‍ർദേശം നൽകിയത്. സ്വർണകടത്ത് കേസിലെ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് ക്രൈം ബ്രാഞ്ച് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.