Asianet News MalayalamAsianet News Malayalam

കള്ളംപറയുന്നതാര്? ബാലഭാസ്കറിന്‍റെ മരണത്തിൽ നുണപരിശോധനക്ക് തയ്യാറെന്ന് നാല് പേര്‍

ബാലഭാസ്കറിന്‍റെ മരണത്തിൽ നാല് പേർ നുണപരിശോധനക്ക് തയ്യാറാണെന്ന് കോടതിയെ അറിയിച്ചു. 

Balabhaskars death four ready for Polygraph test
Author
Thiruvananthapuram, First Published Sep 16, 2020, 12:32 PM IST

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ദുരൂഹതകൾ നീങ്ങാൻ വഴിയൊരുങ്ങുന്നു. ബാലഭാസ്കറിന്‍റെ മരണത്തിൽ നാല് പേർ നുണപരിശോധനക്ക് തയ്യാറാണെന്ന് കോടതിയെ അറിയിച്ചു. ബാലഭാസ്കറിന്‍റെ അടുത്ത സുഹൃത്തുക്കളായ വിഷ്ണുസോമസുന്ദരം, പ്രകാശന്‍ തമ്പി, ഡ്രൈവര്‍ അര്‍ജുന്‍, കലാഭവന്‍ സോബി  എന്നിവരാണ് സമ്മതം അറിയിച്ചത്. ദില്ലി, ചെന്നൈ ഫോറൻസിക് ലാബിലെ വിദഗ്ധ സംഘം നുണ പരിശോധന നടത്തും.

ബാലഭാസ്കറിന്‍റെ അപകടമരണവുമായി ബന്ധപ്പെട്ട് ഈ നാലുപേരെ നുണപരിശോധന നടത്താൻ സിബിഐ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. സ്വര്‍ണക്കടത്തു സംഘങ്ങളുമായുളള ബന്ധത്തെ കുറിച്ച് വിഷ്ണു സോമസുന്ദരവും പ്രകാശന്‍ തമ്പിയും നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു. ഇരുവരുടെയും ബിസിനസ് ഇടപാടുകളും ദുരൂഹമാണെന്നാണ് സിബിഐ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഇരുവരുടേയും നുണ പരിശോധന. 

ബാലഭാസ്കറും മകളും മരിക്കാനിടയായ അപകടം നടന്നപ്പോള്‍ വാഹനമോടിച്ചിരുന്നത് താനല്ലെന്ന അവകാശവാദമാണ് ഡ്രൈവര്‍ അര്‍ജുന്‍ സിബിഐയ്ക്കു മുന്നിലും നടത്തിയത്. എന്നാല്‍ തെളിവുകളനുസരിച്ച് അര്‍ജുനാണ് വാഹനമോടിച്ചതെന്ന് സിബിഐയും വിലയിരുത്തുന്നു. ഇതേതുടര്‍ന്നാണ് അര്‍ജുനും നുണപരിശോധന നടത്തുന്നത്. അപകടത്തിനു മുമ്പ് ബാലഭാസ്കര്‍ ആക്രമിക്കപ്പെട്ടെന്ന മൊഴിയാണ് കലാഭവന്‍ സോബി നല്‍കിയത്. എന്നാല്‍ ഇതിനും തെളിവുകളൊന്നും കിട്ടാത്തതിനാലാണ് സോബിക്കും നുണപരിശോധന നടത്താനുളള തീരുമാനം.

<

Follow Us:
Download App:
  • android
  • ios