കോടതി ഉത്തരവോടെ തന്‍റെ വിശ്വാസ്യത തിരിച്ചുകിട്ടി. പുറത്തുകേട്ട ശബ്ദരേഖ ടീസര്‍ മാത്രമാണെന്നും ബാലചന്ദ്രകുമാര്‍

കൊച്ചി: വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്‍റെ (Dileep) ഹർജിയിലെ വിധി പ്രതീക്ഷച്ചതെന്ന് ബാലചന്ദ്രകുമാര്‍ (Balachandra Kumar). താന്‍ നല്‍കിയ തെളിവുകള്‍ കോടതി സ്വീകരിച്ചു. തന്‍റെ വിശ്വാസ്യത മോശമാക്കാന്‍ എതിര്‍കക്ഷി ശ്രമിച്ചു. കോടതി ഉത്തരവോടെ തന്‍റെ വിശ്വാസ്യത തിരിച്ചുകിട്ടി. പുറത്തുകേട്ട ശബ്ദരേഖ ടീസര്‍ മാത്രമാണ്. പരാതി നല്‍കും മുമ്പ് പെറ്റിക്കേസില്‍ പോലും താന്‍ പ്രതിയായിട്ടില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജി തള്ളിയ ഹൈക്കോടതി, അന്വേഷണവുമായി മുന്നോട്ട് പോകാമെന്നാണ് വ്യക്തമാക്കിയത്. 

Add Asianetnews as a Preferred SourcegooglePreferred

കേസ് വ്യാജമാണെന്നും, ഒരു വീട്ടിലിരുന്ന് സംസാരിച്ചാൽ അത് വധഗൂഢാലോചനയാകില്ലെന്നും തന്നെ വേട്ടയാടാനായി കെട്ടിച്ചമച്ച കേസാണെന്നും പറഞ്ഞാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കേസിന്‍റെ മെറിറ്റിലേക്ക് കടക്കാൻ വിസമ്മതിച്ച ഹൈക്കോടതി, കേസിലെ എഫ്ഐആർ റദ്ദാക്കില്ലെന്നും വ്യക്തമാക്കി. 'ഡിസ്മിസ്ഡ്', റദ്ദാക്കുന്നു എന്ന ഒറ്റ വാക്കിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ദിലീപും സഹോദരൻ അനൂപും അടക്കം ആറ് പ്രതികളാണ് കേസിലുള്ളത്. സംവിധായകൻ ബാലചന്ദ്രകുമാറാണ് ഇത്തരത്തിൽ ഒരു ഗൂഢാലോചന നടന്നുവെന്ന് നാല് വർഷത്തിന് ശേഷം ഒരു മാധ്യമത്തിലൂടെ തുറന്നുപറഞ്ഞത്.