കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെ കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ ആര്‍.ബാലകൃഷ്പിള്ള കുഴഞ്ഞു വീണു. കൊല്ലം അഞ്ചലിനടുത്ത് കോട്ടുക്കല്ലില്‍ നടന്ന എല്‍ഡിഎഫ് പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് ബാലകൃഷ്ണപിള്ള കുഴ‍ഞ്ഞ് വീണത്.

വേദിയിലുണ്ടായിരുന്ന നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് പിള്ളയെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ അല്‍പം സമയം വിശ്രമിച്ച പിള്ളയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും അദ്ദേഹം വാളകത്തെ വീട്ടിലേക്ക് മടങ്ങി. 

അതിനിടെ ബാലകൃഷ്ണപിള്ള കുഴ‍ഞ്ഞു വീണപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ തിരിഞ്ഞു നോക്കിയില്ലെന്ന ആരോപണവുമായി കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ബാലകൃഷ്ണ പിള്ള കുഴ‍ഞ്ഞു വീണിട്ടും പൊലീസുകാര്‍ നോക്കി നിന്നെന്നും പിള്ളയെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസുകാര്‍ സഹായിച്ചില്ലെന്നും സ്ഥലത്തുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ആരോപിച്ചു.