കോട്ടയം: കൊവിഡ്  പ്രതിരോധത്തിന്റെ  ഭാഗമായി റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസുകള്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍, പോസ്റ്റോഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ടുള്ള അന്വേഷണങ്ങള്‍ക്ക് താത്കാലിക  വിലക്ക് ഏര്‍പ്പെടുത്തി.

കൊച്ചിയിലെ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് , ആലുവ, ആലപ്പുഴ, കൊച്ചി, കോട്ടയം , തൃശൂര്‍ എന്നിവിടങ്ങളിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍, ചെങ്ങന്നൂര്‍, കട്ടപ്പന, ഒലവക്കോട്, നെന്മാറ എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. 

ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത്  വരെ വിലക്ക് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ളവര്‍ ദയവായി നിരീക്ഷണ കാലയളവില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാനത്ത് ഇന്നും കൊവിഡ് 19 രോഗബാധ ആരിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പുതിയ കേസുകള്‍ ഇല്ലാത്തത് സംസ്ഥാനത്തിന് ആശ്വാസം പകരുന്നുണ്ട്. 25603 പേര്‍ നിരീക്ഷണത്തിലുണ്ട്.

ഇതില്‍ 25363 പേര്‍ വീടുകളിലും237 പേര്‍ ആശുപത്രികളിലുമാണ്. പുതുതായി ഇന്ന് 7861 പേരെ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. 4622 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി.പരിശോധനയ്ക്ക് അയച്ചത് 2550 സാമ്പിളുകളാണ്.2140 ആളുകള്‍ക്ക് രോഗബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.