Asianet News MalayalamAsianet News Malayalam

കൊല്ലത്ത് വിചിത്ര ബാങ്ക് ജപ്തി; അമ്മയേയും മകളേയും വീട്ടിനുള്ളിലിട്ട് പൂട്ടി ബാങ്കധികൃതർ

യൂക്കോ ബാങ്കാണ് വിചിത്ര ജപ്തി നടപ്പാക്കിയത്. വീടും ഗേറ്റും പൂട്ടി ബാങ്കുകാർ സ്ഥലം വിടുകയായിരുന്നു. പൂട്ട് തല്ലി പൊളിച്ച് നാട്ടുകാർ കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തി.

bank seize uco bank locks mother and daughter in kollam
Author
Kollam, First Published Nov 27, 2019, 6:53 PM IST

കൊല്ലം: കൊല്ലം മീയണ്ണൂരില്‍ യുക്കോബാങ്കിന്‍റെ വിചിത്ര ജപ്തി. വീട്ടുകാരായ സ്ത്രീകളെയും കുട്ടികളെയും അകത്തിട്ട് പൂട്ടി വീടും പറമ്പും ജപ്തി ചെയ്തു. നാട്ടുകാരെത്തി പൂട്ട് തല്ലിപ്പൊളിച്ച് വീട്ടുകാരെ രക്ഷപ്പെടുത്തി. സംഭവത്തില്‍ പൂയപ്പള്ളി പൊലീസ് കേസെടുത്തു. ജപ്തി ചെയ്യുന്ന സമയത്ത് വീടിനുള്ളില്‍ ആളുണ്ടെന്ന് അറിഞ്ഞില്ലെന്നായിരുന്നു ബാങ്കിന്‍റെ വിശദീകരണം.

ചെറുകിട കശുവണ്ടി വ്യവസായികളായ ഷൈന്‍ തോമസ്, ശ്രീനിലാല്‍ എന്നിവര്‍ യൂക്കോ ബാങ്ക് കൊല്ലം ശാഖയില്‍ നിന്ന് ഒന്നര കോടി രൂപ വായ്പ എടുത്തിരുന്നു. കശുവണ്ടി വ്യവസായം പ്രതിസന്ധിയിലായതോടെ തിരിച്ചടവ് മുടങ്ങി. സര്‍ക്കാര്‍ കശുവണ്ടി വ്യവസായികള്‍ക്കായി ബാങ്കുകളുമായി ചര്‍ച്ച നടത്തി തിരിച്ചടവിന് സാവകാശം കൊടുത്തെങ്കിലും ബാങ്ക് ജപ്തിയിലേക്ക് നീങ്ങിയെന്നാണ് വ്യവസായികളുടെ പരാതി.

വീട്ടുടമസ്ഥനായ ഷൈന്‍ തോമസ് ഗേറ്റ് പുറത്ത് നിന്ന് പൂട്ടിയാണ് പുറത്തുപോയത്. ഗേറ്റ് ചാടിക്കടന്നെത്തിയാണ് വൈകിട്ട് ബാങ്കധികൃതര്‍ ജപ്തി നടപ്പാക്കിയത്. ഗേറ്റില്‍ മറ്റൊരുപൂട്ടിട്ട് അവര്‍ സീല്‍ ചെയ്ത് പോയി. പക്ഷേ, സ്ത്രീകളടക്കം വീട്ടുകാര്‍ അകത്തായിരുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. പിന്നീടവര്‍ പൂട്ട് തല്ലിപൊളിച്ച് വീട്ടുകാരെ  രക്ഷപ്പെടുത്തി. പൂയപ്പളളി പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ പരാതിയില്‍ കേസെടുത്തു. പിന്നീട് ബാങ്കുകാരും സ്ഥലത്തെത്തി. പൊലീസ് സാന്നിധ്യത്തില്‍ ഇനി ചര്‍ച്ച തുടരാനാണ് തീരുമാനം.

Follow Us:
Download App:
  • android
  • ios