Asianet News MalayalamAsianet News Malayalam

കൊവിഡ് രൂക്ഷം, സംസ്ഥാനത്ത് ഉടൻ ബാറുകൾ തുറക്കേണ്ടെന്ന് തീരുമാനം

മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തൽക്കാലം സംസ്ഥാനത്ത് ബാറുകൾ തുറക്കേണ്ടെന്ന് തീരുമാനിച്ചത്. ബാറുകളിൽ നിലവിൽ കൗണ്ടർ വഴി വൈകീട്ട് 5 വരെയാണ് മദ്യവിൽപ്പനയുള്ളത്. 

bars will not be opened at kerala as covid is at its peak
Author
Thiruvananthapuram, First Published Oct 8, 2020, 11:45 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ ബാറുകൾ തുറക്കേണ്ടെന്ന് തീരുമാനം. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇന്നലെ സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗികളുടെ പ്രതിദിന വർദ്ധന പതിനായിരം കടന്ന സാഹചര്യത്തിലും കേരളത്തിലെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലുമാണ് ബാറുകൾ തുറക്കേണ്ടെന്ന് തീരുമാനം വന്നത്. 

ബാറുകളിൽ നിലവിൽ കൗണ്ടർ വഴി വൈകീട്ട് 5 വരെയാണ് മദ്യവിൽപ്പനയുള്ളത്. ഇരുന്ന് മദ്യം കഴിക്കുന്ന തരത്തിൽ ബാറുകൾ നിയന്ത്രണങ്ങളോടെ തുറക്കണോ വേണ്ടയോ എന്നാണ് യോഗം പരിശോധിച്ചത്. ബാർ തുറക്കാൻ അനുമതി തേടി ബാറുടമകളും രംഗത്തെത്തിയിരുന്നു. ക്ലബുകളിലും ഇരുന്ന് മദ്യം കഴിക്കാൻ അനുമതി നൽകുന്ന കാര്യം പരിശോധിച്ചിരുന്നു. ബാറുകൾ തുറന്നാൽ കൗണ്ടർ വിൽപ്പന അവസാനിപ്പിക്കാമെന്നായിരുന്നു തീരുമാനം. ഇതിലൂടെ ബെവ്കോയുടെ സാന്പത്തിക നഷ്ടം കുറയ്ക്കാമെന്ന് സർക്കാർ വിലയിരുത്തിയിരുന്നു.

ബെവ്കോ ഔട്ട്‍ലറ്റുകളിൽ മൂന്നിലൊന്ന് വിൽപ്പന മാത്രമാണ് നിലവിൽ നടക്കുന്നത്. ഓണക്കാലത്ത് മാത്രം ബെവ്കോയ്ക്ക് നഷ്ടം 308 കോടിയായിരുന്നു. ജൂലൈയിൽ സംസ്ഥാനത്ത് ആകെ വിറ്റത് 920 കോടിയുടെ മദ്യമാണ്. ഇതിൽ 600 കോടിയും  ബാറുകളിലായിരുന്നു. ബാറുകളിലെ കൗണ്ടർ വിൽപ്പന അവസാനിപ്പിക്കണമെന്ന് ബെവ്കോ ആവശ്യപ്പെടുന്നുണ്ട്. ബാറുകൾ ടോക്കണില്ലാതെ മദ്യം വിൽക്കുന്നതും വിലക്കുറവുളള ജനപ്രിയ ബ്രാൻഡുകളും ബാറുകളിൽ സുലഭമായതും ബെവ്കോയ്ക്ക് തിരിച്ചടിയാണ്.

നിലവിൽ കർണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios