അമിതമായ ആവേശവും പ്രവചനാതീതമായ രാഷ്ട്രീയ നീക്കങ്ങളും കൊണ്ട് എക്കാലവും ശ്രദ്ധേയമായ മണ്ഡലമാണ് കൊല്ലം ജില്ലയിലെ കുണ്ടറ. 2026-ലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോൾ, സിറ്റിങ് എംഎൽഎ പി.സി. വിഷ്ണുനാഥും ഇടതുപക്ഷത്തിന്റെ പ്രാദേശിക കരുത്തനായ എസ്.എൽ. സജികുമാറും നേർക്കുനേർ വരുമ്പോൾ..

കശുവണ്ടി വ്യവസായത്തിന്റെ മണ്ണ്, ഇനി ഐടി ഹബ്ബ് കൂടിയായി മാറാനൊരുങ്ങുന്ന കുണ്ടറയിൽ ഇക്കുറി നിയമസഭാ പോരാട്ടം പ്രവചനാതീതമായി മാറുന്നു. സിറ്റിങ് എംഎൽഎയും കോൺഗ്രസിന്റെ യുവനേതാവുമായ പി സി വിഷ്ണുനാഥും, മണ്ഡലത്തിൽ ആഴത്തിലുള്ള വേരോട്ടമുള്ള സിപിഎം നേതാവ് എസ്എൽ സജികുമാറും തമ്മിലുള്ള പോരാട്ടം രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. എൻഡിഎ സ്ഥാനാർത്ഥിയായി ബിഗ് ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഡോ. റോബിൻ രാധാകൃഷ്ണൻ എത്തിയതോടെ മണ്ഡലത്തിലെ മത്സരത്തിന് മിനിസ്‌ക്രീൻ ഗ്ലാമറും കൈവന്നിരിക്കുകയാണ്.

മാറിമറിയുന്ന രാഷ്ട്രീയ ചരിത്രം

1967-ൽ രൂപീകൃതമായ കുണ്ടറ മണ്ഡലം എന്നും ഇടതിനോടും വലതിനോടും മാറി മാറി കൂറുപുലർത്തുന്ന സ്വഭാവമാണ് കാണിച്ചിട്ടുള്ളത്. ആദ്യ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ഡോ. പികെ സുകുമാരൻ വിജയിച്ചപ്പോൾ, പിന്നീട് എ.എ. റഹീമിലൂടെ കോൺഗ്രസ് മണ്ഡലം പിടിച്ചു. ജെ. മേഴ്സിക്കുട്ടിയമ്മ രണ്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചെങ്കിലും 2001-ൽ കടവൂർ ശിവദാസൻ അവരെ അട്ടിമറിച്ചു. 2016-ൽ മന്ത്രിയായിരുന്ന മേഴ്സിക്കുട്ടിയമ്മയെ 2021-ൽ 4,523 വോട്ടുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ടാണ് പി.സി. വിഷ്ണുനാഥ് കുണ്ടറയിൽ യുഡിഎഫ് വിജയക്കൊടി നാട്ടിയത്.

2026-ലെ പോർമുഖത്ത്

പി.സി. വിഷ്ണുനാഥ് യുഡിഎഫ്

കെപിസിസി വർക്കിങ് പ്രസിഡന്റും മുൻപ് ചെങ്ങന്നൂരിനെ പ്രതിനിധീകരിച്ച അനുഭവസമ്പത്തുമുള്ള വിഷ്ണുനാഥ് തന്റെ അഞ്ചാം മത്സരത്തിനാണ് ഇറങ്ങുന്നത്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും എംഎൽഎ എന്ന നിലയിലുള്ള വ്യക്തിബന്ധങ്ങളും അദ്ദേഹത്തിന് കരുത്താകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻകെ പ്രേമചന്ദ്രന് ലഭിച്ച വൻ ഭൂരിപക്ഷവും തദ്ദേശ തെരഞ്ഞെടുപ്പിൽ ഏഴിൽ നാല് പഞ്ചായത്തുകൾ യുഡിഎഫിനൊപ്പം നിന്നതും അദ്ദേഹത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.

എസ്എൽ സജികുമാർ എൽഡിഎഫ്

സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ പെരിനാട് പഞ്ചായത്ത് പ്രസിഡന്റുമാണ് സജികുമാർ. ലോക്കൽ സെന്റിമെന്റ്സ് വോട്ടാക്കി മാറ്റാനാണ് സിപിഎം ശ്രമിക്കുന്നത്. കയർഫെഡ് മുൻ ചെയർമാൻ കൂടിയായ സജികുമാർ തൊഴിലാളി മേഖലകളിൽ സ്വാധീനമുള്ള നേതാവാണ്. സർക്കാരിന്റെ നേട്ടങ്ങളും പ്രാദേശികമായ സ്വാധീനവും വഴി മണ്ഡലം തിരിച്ചുപിടിക്കാനാണ് എൽഡിഎഫ് ശ്രമം.

ഡോ. റോബിൻ രാധാകൃഷ്ണൻ എൻഡിഎ

കഴിഞ്ഞ തവണ ബിഡിജെഎസിന് നൽകിയ സീറ്റ് ഇക്കുറി ബിജെപി നേരിട്ട് ഏറ്റെടുത്തിരിക്കുകയാണ്. ബിഗ് ബോസ് മലയാളത്തിലൂടെ സുപരിചിതനായ റോബിൻ രാധാകൃഷ്ണനെ ഇറക്കി യുവജന വോട്ടുകളും നിഷ്പക്ഷ വോട്ടുകളും സമാഹരിക്കാനാണ് എൻഡിഎ നീക്കം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻഡിഎ വോട്ടുകൾ ഗണ്യമായി കുറഞ്ഞത് ഫലത്തെ സ്വാധീനിച്ചിരുന്നു. ഇത്തവണ അത് പരിഹരിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.

കുണ്ടറയിലെ പരമ്പരാഗത കശുവണ്ടി-കയർ തൊഴിലാളികളുടെ പ്രശ്നങ്ങൾ ഇക്കുറിയും സജീവ ചർച്ചയാകും. കൂടാതെ, കൊല്ലം ഐ.ടി പാർക്കിന്റെ വികസനവും മണ്ഡലത്തിലെ അടിസ്ഥാന സൗകര്യങ്ങളും വോട്ടർമാർ വിലയിരുത്തും. ലോക്സഭാ തെരഞ്ഞെടുപ്പിലെ കണക്കുകൾ യുഡിഎഫിന് അനുകൂലമാണെങ്കിലും, നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ചിത്രം മാറുന്ന പതിവുണ്ട് കുണ്ടറയുടേത്.

എൻഡിഎ പിടിക്കുന്ന വോട്ടുകൾ ആരുടെ സാധ്യതകളെയാണ് തകർക്കുക എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. 2021-ൽ ബിഡിജെഎസ് സ്ഥാനാർത്ഥിക്ക് വെറും 3.91 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ബിജെപി നേരിട്ട് മത്സരിക്കുമ്പോൾ ഈ ശതമാനം വർദ്ധിച്ചാൽ അത് മണ്ഡലത്തിലെ ജയപരാജയങ്ങളെ അട്ടിമറിച്ചേക്കാം. വമ്പൻമാരുടെ പോരാട്ടത്തിനൊപ്പം സെലിബ്രിറ്റി സ്ഥാനാർത്ഥിയുടെ സാന്നിധ്യവും ചേരുമ്പോൾ 2026-ൽ കുണ്ടറയുടെ മനസ് ആർക്കൊപ്പമാകുമെന്ന് അറിയാൻ വോട്ടെണ്ണൽ വരെ കാത്തിരിക്കേണ്ടി വരും.