രവി പൂജാരിയുടെ സംഘാംഗമായ കാസർകോട് സ്വദേശിയില്‍നിന്നും ഇവർക്ക് ലഭിച്ച ക്വട്ടേഷന്‍  50 ലക്ഷം രൂപയുടേതായിരുന്നു. തോക്കും വാഹനങ്ങളും കാസർകോഡ് സംഘം എത്തിച്ചുനല്‍കി. 

കൊച്ചി: ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ ക്വട്ടേഷൻ നൽകിയത് അന്‍പത് ലക്ഷം രൂപയ്ക്ക്. എന്നാൽ കൃത്യം നടത്തിയ യുവാക്കൾക്ക് നാല്‍പത്തിഅയ്യായിരം രൂപ മാത്രമാണ് ലഭിച്ചത്. മുംബൈ അധേലോക കുറ്റവാളി രവി പൂജാരിയുടെ നിയന്ത്രണത്തിലുളള കാസർകോട് സംഘമാണ് കൃത്യം ആസൂത്രണം ചെയ്തതന്നും വ്യക്തമായി.

നടി ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറില്‍ എത്തി വെടിയുതിർത്ത വിപിന്‍ വർഗീസ്, ബിലാല്‍ എന്നിവരെ ചോദ്യം ചെയ്തതില്‍നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. രവി പൂജാരിയുടെ സംഘാംഗമായ കാസർകോട് സ്വദേശിയില്‍നിന്നും ഇവർക്ക് ലഭിച്ച ക്വട്ടേഷന്‍ 50 ലക്ഷം രൂപയുടേതായിരുന്നു. തോക്കും വാഹനങ്ങളും കാസർകോഡ് സംഘം എത്തിച്ചുനല്‍കി. 

പെരുമ്പാവൂരിലെ മറ്റൊരു ക്രിമിനൽ സംഘത്തിന്‍റെ പിന്തുണയും ഇവർക്കുണ്ടായിരുന്നു. പക്ഷേ ഡിസംബര്‍15ന് കൃത്യം നടന്നതിനുശേഷം ഇവർക്ക് 45000 രൂപ മാത്രമാണ് ലഭിച്ചത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസമാണ് പ്രതികളെ പിടികൂടിയത്.

മുംബൈ അധോലോക കുറ്റവാളി രവി പൂജാരി 25 കോടി രൂപ വേണമെന്ന് ലീന മരിയാ പോളിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് കിട്ടാതെ വന്നതോടെ ഭീഷണി എന്ന നിലയിലാണ് വെടിയുതിർക്കാർ യുവാക്കളെ അയച്ചത്. ഇക്കാര്യം രവിപൂജാരി ഏഷ്യാനെറ്റ് ന്യൂസിനെ നേരിട്ട് വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു. ഈ തെളിവുകളും കേസന്വേഷണത്തില്‍ നിർണായകമായി. സമാനമായ രീതിയിൽ 2011 ലും 2013ലും കാസർകോ‍ഡ് സംഘം കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ട്.

പിടിയിലായ രണ്ട് പ്രതികളുമായി ഐജി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. വെടിവയ്പ്പ് നടന്ന പനമ്പിള്ളി നഗറിലെ ബ്യൂട്ടിപാർലറിലും പ്രതികളുടെ വീട്ടിലും നടത്തിയ തെളിവെടുപ്പിനിടെ കൃത്യം നടത്താനായി ഉപയോഗിച്ച രണ്ട് തോക്കുകളും കണ്ടെത്തി. അന്വേഷണസംഘവുമായി ഡിജിപി ആലുവയില്‍ കൂടിക്കാഴ്ച നടത്തി. പ്രതികളെ സഹായിച്ച കൂടുതല്‍ പേരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതികളെ ചോദ്യം ചെയ്യുന്നതോടെ കേസില്‍ കൂടുതല്‍ അറസ്റ്റും വൈകാതെ ഉണ്ടാകും.